Connect with us

Kerala

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം: ഹൈക്കോടതി

മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി.വയനാട് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദുരിതബാധിതരുടെ വായ്പയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടം എഴുതിത്തള്ളണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കണം.
അതിനാല്‍ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കാനാകുമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.എന്നാല്‍ ബാങ്കുകളെ ഈ കാര്യത്തില്‍ നിര്‍ബന്ധിക്കാനാകില്ലെന്നും അത് അവര്‍ കൈക്കൊള്ളേണ്ട നയപരമായ തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി.

കോവിഡ് കാലത്ത് എംഎസ്എംഇകള്‍ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, അത് നിരാകരിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. തുടര്‍ന്നാണ് വയനാട് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കോവിഡ് കാലവുമായി ഒരുകാരണവശാലും താരതമ്യം ചെയ്യാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് കോടതി വ്യക്തമാക്കിയത്.കോവിഡ് സമയത്ത് താല്‍ക്കാലികമായി വരുമാനം നിലച്ച അവസ്ഥയാണ് ഉണ്ടായത്.ഇവിടെ അവരുടെ ജീവനോപാധി നഷ്ടപ്പെട്ടതാണ്. അതിനാല്‍ അവരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Latest