Kerala
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പദ്ധതി; ഇന്ന് അന്തിമ രൂപരേഖയാകും
രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റ നില വീടുകളാണ് ലക്ഷ്യം വെക്കുന്നത്.
തിരുവനന്തപുരം| വയനാട് മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കും.
രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റ നില വീടുകളാണ് ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ ഡിസൈന്‍ കിഫ്ബി ആണ് ചെയ്തിരിക്കുന്നത്. വീടുകളുടെ നിര്‍മ്മാണ ചുമതല ആര്‍ക്കുകൊടുക്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
അതേസമയം വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തെ പ്രതീക്ഷയോടെ നോക്കികാണുന്നുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരന്തബാധിതര്‍ക്ക് സ്വീകാര്യമായ നടപടിയുണ്ടാകണമെന്നും സര്‍ക്കാര്‍ ഇതിനോടകം ഏറെ സമയം നഷ്ടപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പുനരധിവാസത്തിന് എത്ര പണം ലഭിച്ചാലും തികയാത്ത സ്ഥിതിയാണ്. ദുരന്തബാധിതര്‍ക്ക് സ്വീകാര്യമായ നടപടിയുണ്ടായില്ലെങ്കില്‍ ബാക്കി കാര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം ചിന്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.