cm pressmeet
മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം ഒളിച്ചോടാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
അമിത്ഷാ ജനങ്ങളെയും പാര്‍ലിമെന്റിനെയും ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നു
തിരുവനന്തപുരം | വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം ഒളിച്ചോടാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നിലപാട് ഖേദകരമാണ്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയെന്ന് ആരോപിച്ച് സഹായം തടഞ്ഞത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും എല്ലാം യഥാരീതിയില്‍ സമര്‍പ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റിപോര്‍ട്ട് വൈകിപ്പിച്ചുവെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. റിപോര്‍ട്ട് സമര്‍പിക്കാന്‍ വൈകിയിട്ടില്ല. സ്വാഭാവിക കാലതാമസമേ ഉണ്ടായുള്ളൂ. 583 പേജുള്ള സമഗ്രമായ റിപോര്‍ട്ടും കേരളം സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ ജനങ്ങളെയും പാര്‍ലിമെന്റിനെയും ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്. ഇല്ലാത്ത കാലാവസ്ഥാ റിപോര്‍ട്ട് പാര്‍ലിമെന്റില്‍ പരാമര്‍ശിച്ചു. കാലാവസ്ഥാ റിപോര്‍ട്ട് വ്യാജമായി ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിച്ചത്.
പ്രധാനമന്ത്രി വയനാട്ടില്‍ വന്നുപോയിട്ട് 100 ദിനം പിന്നിട്ടു. കേരളം നിവേദനം നല്‍കിയിട്ട് മൂന്ന് മാസമായി. ആഗസ്റ്റ് 17ന് 1202 കോടിയുടെ പ്രാഥമിക സഹായം കേരളം ആവശ്യപ്പെട്ടു. രേഖാമൂലം ആവശ്യപ്പെടാതെ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ധന സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു രൂപ പോലും പ്രത്യേകമായി കേരളത്തിന് കിട്ടിയില്ല.
പി ഡി എന്‍ എ റിപോര്‍ട്ട് തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്ന് മാസം വേണ്ടിവരും. ദുരിതാശ്വാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത് സമര്‍പ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കരുതലും കൈത്താങ്ങും പദ്ധതിയുടെ പരാതികള്‍ താലൂക്ക് അദാലത്തുകളില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കും. അദാലത്തില്‍ 21 വിഷയങ്ങള്‍ പരിഗണിക്കും. നേരിട്ടും ഓണ്‍ലൈനായും പരാതി നല്‍കാം. ചുമതല അതാത് വകുപ്പുകള്‍ക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.