Kerala
മുണ്ടക്കൈ-ചൂരല്‍മല: ടൗണ്‍ഷിപ്പ് പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
പ്രതിഷേധവുമായി ആനുകൂല്യം ലഭിക്കാത്ത എസ്റ്റേറ്റ് തൊഴിലാളികള്‍

കല്‍പ്പറ്റ | ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ന് രാവിലെ കല്‍പ്പറ്റ ബൈപ്പാസിലെ എല്‍സ്റ്റണ്‍ എസ്റ്റ്‌റേറ്റ് ഭൂമിയില്‍ തേയില ചെടികള്‍ അടക്കം പിഴുതുമാറ്റികൊണ്ട് നിലമൊരുക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്.
രാവിലെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി എസ്റ്റേറ്റ് തൊഴിലാളികളെത്തി. പ്രതിഷേധം കണക്കിലെടുത്ത് പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന സി പി എം നേതാവ് സി കെ ശശീന്ദ്രന്‍ അടക്കമുള്ളവരോട് തൊഴിലാളികള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. തങ്ങള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെയാണ് ടൗണ്‍ഷിപ്പ് നിര്‍മാണവുമായി മുന്നോട്ടുപോകുന്നതെന്നും എസ്റ്റേറ്റ് അധികൃതരില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഇന്നലെ സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഇവിടെ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് കലക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരം 17 കോടി രൂപയും സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകള്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ വേഗത്തിലാക്കിയത്.
എസ്റ്റേറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നും പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് പാഴായെന്നും തൊഴിലാളികള്‍ ആരോപിച്ചു. നാളെ മുതല്‍ നിര്‍മാണം തടയുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാനം സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ഇന്നലെ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്റ്റേറ്റ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്‍കൂട്ടി തടസ ഹര്‍ജി നല്‍കിയത്.