From the print
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: സുരക്ഷിത പ്രദേശ സര്‍വേ നാട്ടുകാര്‍ തടഞ്ഞു
പ്രതിഷേധം ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് 50 മീറ്റര്‍ അകലെ താമസയോഗ്യം എന്ന ശിപാര്‍ശക്കെതിരെ. ഉദ്യോഗസ്ഥര്‍ മടങ്ങി. ദുരന്ത മേഖലയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം.
കല്‍പ്പറ്റ | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിത പ്രദേശങ്ങള്‍ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയില്‍ നിന്ന് 50 മീറ്റര്‍ അകലെ താമസയോഗ്യം എന്ന ശിപാര്‍ശക്കെതിരെയാണ് പ്രതിഷേധം. 30 മുതല്‍ 50 മീറ്റര്‍ വരെ ദൂരെയാണ് സുരക്ഷിത മേഖലയെന്ന് അടയാളപ്പെടുത്തേണ്ടിയിരുന്നത്. ആശങ്ക പരിഹരിക്കാതെ ചൂരല്‍മലയില്‍ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡ പ്രകാരം സങ്കീര്‍ണ മേഖലയിലുള്ള നിരവധി വീടുകള്‍ സുരക്ഷിതമെന്ന് വിലയിരുത്തപ്പെടുമെന്ന് പ്രദേശവാസികള്‍ വിമര്‍ശിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ യോഗം വിളിച്ചു.
മുണ്ടക്കൈ- ചൂരല്‍മല ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗമാണ് വിളിച്ചത്. തീരുമാനമെടുക്കുന്നത് വരെ സര്‍വേ നടത്തുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വൈത്തിരി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ചൂരല്‍മലയില്‍ എത്തിയിരുന്നത്. ദുരന്തബാധിത പ്രദേശങ്ങളില്‍ മതിയായ കാരണങ്ങളും ആവശ്യങ്ങലുമില്ലാതെ ആളുകള്‍ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ വ്യക്തമാക്കി. പ്രദേശത്ത് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും സന്ദര്‍ശകര്‍ എത്തുന്നതില്‍ പ്രദേശവാസികള്‍ പരാതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്കും ടൂറിസ്റ്റുകള്‍ വനമേഖലയിലൂടെ ദുരന്ത പ്രദേശങ്ങളില്‍ എത്തുന്നത് തടയാന്‍ സൗത്ത് വയനാട് ഡി എഫ് ഒക്കും നിര്‍ദേശം നല്‍കി. അനാവശ്യമായ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് പാസ്സ് അനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.