Kerala
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ എത്ര നീക്കിയിരിപ്പ് തുകയുണ്ടെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
കൊച്ചി|മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ എത്ര നീക്കിയിരിപ്പ് തുകയുണ്ടെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും.
2300കോടിയോളം രൂപയുടെ പ്രത്യേക പാക്കേജ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി വേണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ അടിയന്തര പുനരധിവാസത്തിന് പണം ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനോട് നീക്കിയിരിപ്പ് തുക എത്രയുണ്ട്, എത്ര ചെലവഴിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടത്.
ഡിസംബര്‍ ഏഴാം തിയതി പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ ശരിയല്ലെന്ന് അറിയിച്ച കോടതി ദുരന്ത നിവാരണ അതോറിറ്റിയില്‍ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് ചോദിച്ചിരുന്നു. ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഹാജരാക്കാനും നിര്‍ദേശം നല്‍കിയിരുന്നു.