Kerala
മുണ്ടക്കൈ - ചൂരൽമല ദുരന്തം; കോടതി ആവശ്യപ്പെട്ട വിശദാംശങ്ങൾ സമർപ്പിച്ച് സംസ്ഥാന സർക്കാർ
ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത് കേന്ദ്രത്തോട് ഹെെക്കോടതി
തിരുവനന്തപുരം |സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനിയോഗം സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് കോടതിയില്‍ ഹാജരാക്കി സംസ്ഥാനസര്‍ക്കാര്‍.കേന്ദ്രം ആകെ 782 കോടി രൂപ അനുവദിച്ചിരുന്നതായും ഇതില്‍ 21കോടി രൂപ മേപ്പാടി ദുരന്തത്തിന് അടിയന്തരസഹായമായി നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.ബാക്കിയുള്ള 700 കോടിയില്‍ 638 കോടി രൂപ വിനിയോഗിക്കാന്‍ നിശ്ചയിച്ചു കഴിഞ്ഞതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വേനല്‍ക്കാലത്ത് ഉള്‍പ്പെടെ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ 61 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പുനരധിവാസത്തിനു ഭൂമി വാങ്ങാന്‍ എസ്ഡിആര്‍എഫ് ചട്ടം അനുവദിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സര്‍ക്കാരിന്റെ നിലവിലെ ഉത്തരവുകള്‍ അനുസരിച്ച് നല്‍കാനുള്ള തുകയാണ് എസ്ഡിആര്‍എഫില്‍ ബാക്കിയുള്ളതെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. എസ്ഡിആര്‍എഫിലെ മുഴുവന്‍ തുകയും വയനാടിനായി വിനിയോഗിക്കാന്‍ കഴിയില്ലന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നിലവില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഈ കണക്കുകളിൽ കുറച്ചുകൂടി വ്യക്തത വരുത്താൻ സർക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേന്ദ്രത്തിനു കൂടി വിശ്വാസയോഗ്യമായ ഒരു ഏജൻസിയെ ഉപയോഗപ്പെടുത്തി ചെലവ് സംബന്ധിച്ച് വിവരങ്ങള്‍ കേന്ദ്രത്തിന് കെെമാറണമെന്നും കോടതി നിര്‍ദേശിച്ചു.
വയനാട് പുനരധിവാസത്തിന് കൂടുതല്‍ തുറന്ന മനസോടെ കേന്ദ്രം കേരളത്തെ സഹായിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.ഹരജി ഈ മാസം 18ന് വീണ്ടും പരിഗണിക്കും.