Connect with us

Kerala

മുണ്ടക്കൈ ദുരന്തം: പ്രത്യേക പാക്കേജ് തന്നെ വേണം, കേന്ദ്രത്തിന് അനുകൂല സമീപനമില്ല: മന്ത്രി രാജന്‍

700 കോടി കേന്ദ്രം നല്‍കിയെന്നത് തെറ്റായ പ്രചാരണം. പ്രത്യേക പാക്കേജ് ആവശ്യമില്ലെന്ന ബി ജെ പി നേതാക്കളുടെ നിലപാട് കേരളത്തോടുള്ള വെല്ലുവിളി.

Published

|

Last Updated

വയനാട് | ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈക്ക് പ്രത്യേക ധനസഹായ പാക്കേജ് വേണമെന്ന്‌കേന്ദ്രത്തോട് മന്ത്രി കെ രാജന്‍. പ്രത്യേക പാക്കേജ് തന്നെ വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പ്രത്യേക പാക്കേജാണ്.

വയനാടിനായി അടിയന്തര സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെ അനുകൂല സമീപനം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. 700 കോടി കേന്ദ്രം നല്‍കിയെന്നത് തെറ്റായ പ്രചാരണമാണ്. നേരത്തെ അനുവദിച്ച 291 കോടി രൂപ എസ് ഡി ആര്‍ എഫ് വിഹിതത്തിലേക്ക് ഉള്ളതാണ്. ഇത് പ്ലാനിംഗ് കമ്മീഷന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അത് പ്രകാരമുള്ള ആദ്യ ഗഡുവാണ് കേന്ദ്രം നല്‍കിയത്.

പ്രത്യേക പാക്കേജ് ആവശ്യമില്ലെന്ന ബി ജെ പി നേതാക്കളുടെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് 97 ദിവസം കഴിഞ്ഞു. ഏത് വിഭാഗത്തില്‍പ്പെട്ട ദുരന്തമാണ് ഇത് എന്നെങ്കിലും പറയാന്‍ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി രാജന്‍ ആവശ്യപ്പെട്ടു.

പുനരധിവാസ നടപടികള്‍ കോടതി സ്റ്റേ ചെയ്തിട്ടില്ല: മന്ത്രി
മുണ്ടക്കൈയിലെ പുനരധിവാസ നടപടികള്‍ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിന് നിയമപരമായി ഒരു തടസ്സവുമില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. പണം കൊടുത്തു തന്നെയാകും മുണ്ടക്കെ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest