Connect with us

Kerala

മുണ്ടക്കൈ പുനരധിവാസം: പണം നല്‍കാത്ത കേന്ദ്രത്തോടും വ്യജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളോടും വിരല്‍ചൂണ്ടി ഹൈക്കോടതി

പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി

Published

|

Last Updated

കൊച്ചി| മുണ്ടക്കൈ ദുരന്തത്തില്‍ നിന്ന് ആ നാടിനെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ടു കേന്ദ്രത്തിനു സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങള്‍, ചെലവഴിച്ച തുകയായി വ്യാജ വാര്‍ത്ത നല്‍കിയതിനെ കോടതി ശക്തമായി അപലപിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരാണ് വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ചു സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തിയത്.
പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം വ്യാജ വാര്‍ത്തകള്‍ വയനാട്ടിലെ പുനരധിവാസ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നത് സമൂഹ താല്‍പര്യത്തിനെതിരാണെന്നും കോടതി നിരീക്ഷിച്ചു.

വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പി എം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയത്.

കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വീണ്ടും അധികൃതര്‍ക്ക് പുറകെ നടന്ന് കഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനു നേരത്തെയുണ്ടായിരുന്ന വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും കോടതി നിര്‍ദേശിച്ചു.

 

Latest