Kerala
മുണ്ടക്കൈ പുനരധിവാസം; തിരിച്ചടക്കേണ്ട വായ്പ നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം
ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചു
![](https://assets.sirajlive.com/2025/02/untitled-12-2-897x538.jpg)
മുണ്ടക്കൈ | വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചു.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ശ്രമിക്കുന്ന കേരളത്തിന് മുന്നില്‍ കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് മന്ത്രി കെ രാജന്‍ ആരോപിച്ചു. കേന്ദ്രം, വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് ആദ്യം തന്നെ എടുത്തതെന്നും മന്ത്രി പറഞ്ഞു.
വയനാട് പുനരധിവാസത്തിന് വായ്പ നല്‍കിയ കേന്ദ്രത്തിന്റെ നടപടി കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് ഡോ.തോമസ് ഐസക് പ്രതികരിച്ചു. ഗ്രാന്‍ഡ് ചോദിച്ചപ്പോള്‍ വായ്പയാണ് കേന്ദ്രം തന്നത്. പ്രതിഷേധ സ്വരത്തില്‍ കേരളം വായ്പ സ്വീകരിക്കും. കേന്ദ്രമനുവദിച്ച ചുരുങ്ങിയ സമയം കൊണ്ട് പരിഗണിക്കാനാവില്ലെന്നതും കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. പ്രതിഷേധമുയര്‍ന്നാല്‍ ബി ജെ പിക്കാര്‍ക്ക് പോലും കേരളത്തോടൊപ്പം നില്‍ക്കേണ്ടിവരും കേന്ദ്രം ശാഠ്യം തിരുത്താന്‍ തയ്യാറാകണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ഉപാധികള്‍ ഇല്ലാത്ത ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഇപ്പോള്‍ കേന്ദ്രം നല്‍കിയത് വായ്പയാണ്. തന്ന വായ്പക്ക് മുകളില്‍ തന്നെ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകള്‍ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ കേന്ദ്രം പറയുന്നു. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും കെ രാജന്‍ ആരോപിച്ചു.
529.50 കോടിയുടെ വായ്പവയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷന്‍ , റോഡുകള്‍, പാലം, വെള്ളാര്‍മല,മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം,വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.