Wayanad
സഞ്ചാരികളുടെ മനം കവർന്ന് മുനീശ്വരൻകുന്ന്
മാനന്തവാടി | മഞ്ഞിൻ കിരണങ്ങളാൽ കുളിരണിഞ്ഞ് തലപ്പുഴ പുതിയിടം മുനീശ്വരൻ കുന്ന്. വനം വകുപ്പിന്റെ ഇക്കോ ടൂറിസം പ്രദേശമായ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. വനം വകുപ്പിന്റെ ഒരു വരുമാന സ്രോതസ്സ് കൂടിയാണ് സമുദ്ര നിരപ്പിൽ നിന്ന് ആയിരത്തോളം അടി മുകളിൽ നിൽക്കുന്ന സഞ്ചാരികളുടെ മനം കവരുന്ന മുനീശ്വരൻകുന്ന്. കോടമഞ്ഞും തണുപ്പുമെല്ലാം ആസ്വദിക്കാൻ നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെയെത്തുന്നത്. പുലർച്ചെ മുതൽ തന്നെ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. കൊവിഡിന്റെ അടച്ചിടലിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ആറായിരത്തിനടുത്ത് ആളുകളാണ് ഈ മനോഹര കുന്നിന്‍ പ്രദേശം കാണാൻ ഇവിടെ എത്തിയത്. വനം വകുപ്പിന്റെ കീഴിലാണ് മുനീശ്വരൻ കുന്ന്.
മുതിർന്നവർക്ക് 45 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ സൂര്യോദയവും വൈകീട്ട് അസ്തമയവുമെല്ലാം ഇവിടെ നിന്ന് ദർശിക്കാൻ കഴിയും. കുന്നിന്‍ മുകളില്‍ നിന്ന് മാനന്തവാടിയും പരിസര പ്രദേശവുമെല്ലാം ആകാശ കാഴ്ചയോടെ ആസ്വദിക്കാനും കഴിയും. എന്തുകൊണ്ടും സഞ്ചാരികളുടെ മനം കവരുന്ന ഇടമായി മുനീശ്വരൻ കുന്ന് മാറിയിരിക്കുന്നു.
അതേ സമയം ഭൗതിക സാഹചര്യങ്ങളുടെ അഭാവം കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്. വനം വകുപ്പ് അക്കാര്യങ്ങളിൽ കൂടി ശ്രദ്ധ ചെലുത്തിയാൽ വയനാടിന്റെ ഭൂപടത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി തലപ്പുഴയിലെ മുനീശ്വരൻ കുന്ന് മാറും.