Connect with us

brahmapuram waste plant

'ഉറവിട മാലിന്യ സംസ്കരണം അതിലളിതവത്കരിച്ച് മുരളി തുമ്മാരുകുടി വക്രീകരിക്കുന്നു'

കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവില മാലിന്യ സംസ്കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന മുരളി തുമ്മാരുകുടിയുടെ നിലപാടിനോടും യോജിപ്പില്ല.

Published

|

Last Updated

ളിതമായ ഉറവിട മാലിന്യ സംസ്കരണത്തെ അതിലളിതവത്കരിച്ച് വക്രീകരിക്കുന്ന സമീപനമാണ് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിക്കെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. കൂടുതൽ ഗൗരവമായ പ്രശ്നം വേസ്റ്റ് റ്റു എനർജി പ്ലാന്റുകളുടെ സാമ്പത്തികമാണ്. ഈ വശം തുമ്മാരുകുടി പരിഗണിക്കുന്നേയില്ല. ചില സവിശേഷ സാഹചര്യങ്ങളിൽ ചിലപ്പോൾ വേസ്റ്റ് എനർജി പ്ലാന്റുകൾ അനിവാര്യമായി തീരാം. അതിനെ എതിർക്കുന്നില്ല. പക്ഷേ, എറണാകുളം ജില്ലയിലെയും അതുപോലെ കേരളത്തിലെ മുഴുവനും ജൈവ മാലിന്യം എനർജിയാക്കി മാറ്റാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് അപകടകരമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുന്നതിനും കാർഷിക പ്രതിസന്ധിക്കും ഇടവരുത്തും. കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവില മാലിന്യ സംസ്കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന മുരളി തുമ്മാരുകുടിയുടെ നിലപാടിനോടും യോജിപ്പില്ലെന്ന് ഐസക് കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ഉറവിട മാലിന്യ സംസ്കരണം ലളിതമാണ്. അതിനെ അതിലളിതവൽക്കരിച്ച് വക്രീകരിക്കുന്ന സമീപനമാണ് മുരളി തുമ്മാർകുടിയുടെ പോസ്റ്റിലേതെന്നു പറയാതെ നിർവ്വാഹമില്ല. എഴുത്തിലെ അനൗപചാരികതയും നർമ്മവും മറന്നുകൊണ്ടല്ല ഈ വിമർശനം.

ആദ്യത്തെ പ്രശ്നം എല്ലാ മാലിന്യങ്ങളും അതായത് അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കാനാകുമോ എന്നുളളതാണ്. ആവില്ല എന്നു വ്യക്തമാണ്. ഉറവിട മാലിന്യ സംസ്കരണം അതിനു ശ്രമിക്കുന്നുമില്ല. ഉറവിട മാലിന്യ സംസ്കരണം എന്നാൽ മൂന്ന് കാര്യങ്ങളാണ്. ഒന്ന്, ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുക. രണ്ട്, ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക. മൂന്ന്, അജൈവ മാലിന്യം ഇനം തിരിച്ച് പുനരുപയോഗത്തിനോ പുനചംക്രമണത്തിനോ അല്ലെങ്കിൽ ലാന്റ് ഫില്ലിംഗിനോ ആയി നീക്കം ചെയ്യുക.

രണ്ടാമത്തെ പ്രശ്നം ബയോഗ്യാസുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളാണ്. അവ സങ്കീർണ്ണമാണെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ബയോഗ്യാസ് വേണ്ട. അതിലളിതമായ കമ്പോസ്റ്റിംഗ് രീതികളുണ്ട്. അതിനുള്ള ഒട്ടനവധി വ്യത്യസ്ത മാതൃകകൾ ഇന്നു ലഭ്യമാണ്.

മൂന്നാമത്തെ പ്രശ്നം ഇങ്ങനെ കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഇതു ചെയ്യാൻ തയ്യാറാകുമോ എന്നുള്ളതാണ്. കേരളത്തിലെ എല്ലാ വീടുകളും അവരുടെ മലവിസർജ്ജ്യം വീടുകൾക്കുള്ളിലോ സമീപപ്രദേശങ്ങളിലോ ആണ് സംസ്കരിക്കുന്നത്. പിന്നെ ഇത്തിരിപോന്ന അടുക്കള മാലിന്യത്തിന്റെ കാര്യത്തിൽ എന്തിനാണ് അറയ്ക്കുന്നത്. ഇതെല്ലാം മൈൻഡ് സെറ്റിന്റെ പ്രശ്നമാണ്. അത് മാറ്റാവുന്നതേയുള്ളൂ.

കൂടുതൽ ഗൗരവമായ പ്രശ്നം വേസ്റ്റ് റ്റു എനർജി പ്ലാന്റുകളുടെ സാമ്പത്തികമാണ്. തുമ്മാർകുടി അത് പരിശോധിക്കുന്നേയില്ല. 15 രൂപ ഒരു യൂണിറ്റ് എനർജിക്ക് വേണ്ടിവരും. ശരാശരി വേണ്ടിവരുന്ന ചെലവിനേക്കാൾ 10 രൂപയെങ്കിലും കൂടുതൽ വേണ്ടിവരും. ഈ നഷ്ടം എല്ലാ കാലത്തും സഹിക്കണം. അതേസമയം ഒരു കിലോ കമ്പോസ്റ്റ് ഉൽപ്പാദിപ്പിക്കുമ്പോൾ 10 രൂപയെങ്കിലും ഓരോ കിലോയ്ക്കും ലാഭംകിട്ടും. ഇത്തരമൊരു നേട്ട- കോട്ട വിശ്ലേഷണം അനിവാര്യമാണ്.

വേസ്റ്റ് റ്റു എനർജി പ്ലാന്റുകൾ പ്രവർത്തിക്കാൻ മിനിമം മാലിന്യം ഉറപ്പുവരുത്തിയേ തീരൂ. അത് ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രപ്പാടാണ് ബ്രഹ്മപുരത്തേക്ക് മാലിന്യങ്ങൾ വേർതിരിക്കാതെ കൊണ്ടുപോകുന്നതിനു പ്രേരകമായത്. കൊച്ചിയിലെ മാത്രമല്ല, സമീപപ്രദേശത്തെ മുനിസിപ്പാലിറ്റിളിലെല്ലാം ഉറവിട മാലിന്യ സംസ്കരണ രീതികൾ അവസാനിപ്പിച്ചത് വരാൻ പോകുന്ന എനർജി പ്ലാന്റിൽ ആവശ്യത്തിനു മാലിന്യം ലഭിക്കുമെന്ന് ഉറപ്പുവരുത്താനാണ്. പാരിസ്ഥിതികമായി നോക്കുമ്പോൾ മാലിന്യം കുറയ്ക്കാനാണു നമ്മൾ നോക്കേണ്ടത്. എന്നാൽ എനർജി പ്ലാന്റിന്റെ ദർശനം മാലിന്യം വർദ്ധിപ്പിക്കുകയാണ്.

ഇതൊക്കെയാണെങ്കിലും ചില സവിശേഷ സാഹചര്യങ്ങളിൽ ചിലപ്പോൾ വേസ്റ്റ് എനർജി പ്ലാന്റുകൾ അനിവാര്യമായി തീരാം. അതിനെ എതിർക്കുന്നില്ല. പക്ഷേ, എറണാകുളം ജില്ലയിലെയും അതുപോലെ കേരളത്തിലെ മുഴുവനും ജൈവ മാലിന്യം എനർജിയാക്കി മാറ്റാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് അപകടകരമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുന്നതിനും കാർഷിക പ്രതിസന്ധിക്കും ഇടവരുത്തും. മണ്ണിൽ നിന്നും നാം എടുക്കുന്ന ഫലങ്ങളുടെ അവശിഷ്ടങ്ങൾ മണ്ണിലേക്കു തന്നെ തിരിച്ച് ഏൽപ്പിക്കണം. ഇത് സുപ്രധാനമായ ഒരു പ്രകൃതി സന്തുലനചക്രമാണ്. ഈ പാരസ്പര്യത്തിന്റെ തകർച്ച സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് മാർക്സ് തന്നെ സവിസ്തരം പ്രതിപാദിക്കുന്നു.

മാർക്സിന്റെ ചിന്താ പദ്ധതിയിലെ ഇക്കോളജിക്കൽ സമീപനം ഇന്ന് ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രകൃതിയെ മാറ്റുന്നവരാണ് മനുഷ്യരെങ്കിലും അവർ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടുന്ന പാരസ്പര്യം ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായി മാർക്സ് ചൂണ്ടിക്കാണിക്കുന്ന ഒന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠതയിൽ വരുന്ന തകർച്ചയാണ്. മണ്ണിന്റെ ഫലങ്ങളെല്ലാം നഗരങ്ങളിലേക്കു പോയി. അവയുടെ അവശിഷ്ഠങ്ങൾ മണ്ണിലേക്കു തിരിച്ചു വരുന്നില്ല. മറിച്ച്, നഗരത്തെ മലിനീകരിക്കുന്നു. മാർക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം ഈ സമസ്യയുടെ ചർച്ചയിൽ നിന്നാണ് ആരംഭിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് മന്തിലി റിവ്യു പ്രസാദകശാല പുറത്തിറക്കിയിട്ടുള്ള മാർക്സിസവും ഇക്കോളജിയും സംബന്ധിച്ച ഗ്രന്ഥങ്ങൾ വായിച്ചുനോക്കാവുന്നതാണ്.

കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവില മാലിന്യ സംസ്കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന മുരളി തുമ്മാർകുടിയുടെ നിലപാടിനോടും യോജിപ്പില്ല. ഉറവിട മാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കുന്ന നിരവധി തദ്ദേശഭരണസ്ഥാപനങ്ങളെ കാണിച്ചുതരാനാകും. ഇന്ന് കേരളത്തിൽ ഏതാണ്ട് 20 ലക്ഷം ആളുകളെങ്കിലും തങ്ങളുടെ വീടുകളിൽ തന്നെ അല്ലെങ്കിൽ തൊട്ടടുത്ത പ്രദേശത്ത് ജൈവമാലിന്യം സംസ്കരിക്കുന്നവരാണ്.

ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാൻ കേരളത്തിനു കഴിയണം. ഒത്തുപിടിച്ചാൽ ഒരുവർഷംകൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാം.

Latest