Kerala
കണ്ണൂരില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ മരിച്ച നിലയില്‍
നാളെ ജയിലിലേക്ക് മടങ്ങേണ്ടതായിരുന്നു
കണ്ണൂര്‍ | കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പരോളിലിറങ്ങിയ സി പി എം പ്രവര്‍ത്തകനായ ഇരിട്ടി പയഞ്ചേരി വാഴക്കാടന്‍ വിനീഷി(32)നെയാണ് പയഞ്ചേരിമുക്ക് വായനശാലക്ക് സമീപത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരോള്‍ കാലാവധി കഴിഞ്ഞ് നാളെ ജയിലിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം. എന്‍ ഡി എഫ് പ്രവര്‍ത്തകനായിരുന്ന ഇരിട്ടിയില്‍ സൈനുദ്ദീനെ(26) വെട്ടിക്കൊന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിശോധനക്കായി പരിയാരം മെഡിക്കൽ കോളജിൽ കൊണ്ടുപോയി.
2008 ജൂണ്‍ 23നാണ് ഇരിട്ടി കാക്കയങ്ങാട് ടൗണില്‍ ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന എന്‍ ഡി എഫ് പ്രവര്‍ത്തകനായ സൈനുദ്ദീനെ സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കേസില്‍ 2014 മാര്‍ച്ചില്‍ എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ 2019 ആഗസ്റ്റില്‍ ഹൈക്കോടതിയും ശരിവെച്ചു.