Kerala
നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി കൊല; ശിക്ഷാ വിധി ഇന്ന്
2016 ജൂണ്‍ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്
മണ്ണാര്‍ക്കാട് | നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. പാലക്കാട് മണ്ണാര്‍ക്കാട് തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസില്‍ കൊച്ചു മകന് ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്.
മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണാണ് ശിക്ഷ വിധിക്കുക. എട്ടു വര്‍ഷം നീണ്ട വിചാരണയ്ക്കു ശേഷം സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അതിക്രൂര കൊലപാതകമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല, ഭര്‍ത്താവ് ബഷീര്‍ എന്നിവര്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്.
എട്ടു വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് വിധിയെത്തുന്നത്. പ്രതികള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയില്‍ വിഷം ചേര്‍ത്താണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം ചാക്കില്‍കെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. നേരത്തെ ഭര്‍തൃപിതാവിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതി ഫസീലയെ കോടതി അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകവും കൊലപാതക ശ്രമവും നടന്നത്.