Connect with us

Kerala

റാന്നിയിലെ കൊലപാതകം : മൃതദേഹത്തിന് കാവല്‍ നിന്ന പോലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍

രാത്രി 11 30 ഓടെ പിക്കപ്പ് വാനില്‍ പോലീസിനെ ചീത്ത വിളിച്ചുകൊണ്ട് അവിടെ എത്തിയ പ്രതികള്‍ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി

Published

|

Last Updated

പത്തനംതിട്ട  |  റാന്നിയില്‍ തലയ്ക്ക് വെട്ടേറ്റു മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിമോര്‍ച്ചറിയില്‍ ഡ്യൂട്ടിക്ക് നിന്ന പോലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. റാന്നി പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ .ടി ലിജുവിനാണ് മദ്യപിച്ചെത്തിയ യുവാക്കളില്‍ നിന്നും മര്‍ദ്ദനമേറ്റത്. റാന്നി മുണ്ടപ്പുഴ സ്വദേശികളായ പുതുശ്ശേരില്‍ വിഷ്ണു (29), കരുണാലയം വീട്ടില്‍ കെ എസ് ശ്രീജിത്ത്(35), കീക്കാവില്‍ അര്‍ജുന്‍ (20) എന്നിവരെയാണ് റാന്നി പോലീസ് മല്‍പ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തിയത്.

രാത്രി 10 30 ന് റാന്നി മാര്‍ത്തോമ്മ ആശുപത്രിക്ക് സമീപം പച്ചക്കറി കടയില്‍ അടിപിടി നടക്കുന്ന വിവരമറിഞ്ഞ് പോലീസ് ഇന്‍സ്‌പെക്ടറും സംഘവും സ്ഥലത്തെത്തി. അപ്പോഴേക്കും പരിക്കുപറ്റിയ ആളെ മാര്‍ത്തോമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തിയപ്പോള്‍, തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ ആശുപത്രി മോര്‍ച്ചറിക്ക് സമീപം സ്ട്രക്ചറില്‍ കിടത്തിയ നിലയില്‍ ഒരാളെ കാണുകയും, ലിജുവിനെ അവിടെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. മക്കപ്പുഴയിലുള്ള അനില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ലിജു ഡ്യൂട്ടി നോക്കിവരവേ രാത്രി 11 30 ഓടെ പിക്കപ്പ് വാനില്‍ പോലീസിനെ ചീത്ത വിളിച്ചുകൊണ്ട് അവിടെ എത്തിയ പ്രതികള്‍ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി.

ഇവര്‍ മരിച്ചയാളുടെ ബന്ധുക്കള്‍ ആവുമെന്ന് കരുതിയ ലിജു, ബഹളം വെക്കാതിരുന്നാല്‍ മൃതദേഹം കാണിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം കണ്ട ശേഷം, പോലീസ് പ്രതിയെ പിടിക്കാത്തത് എന്താടാ എന്നാക്രോശിച്ചുകൊണ്ട് അസഭ്യം വിളിച്ചശേഷം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.
ഒന്നാംപ്രതി കയ്യിലിരുന്ന താക്കോല്‍ കൊണ്ട് മുഖത്ത് കുത്തിയത് തടഞ്ഞപ്പോള്‍ ലിജുവിന്റെ ഇടതു കൈ നടുവിരലിനും, വലതുകൈത്തണ്ടയിലും മുറിവേറ്റു. രണ്ടാംപ്രതി മുഖത്ത് അടിക്കുകയും കുത്തിന് പിടിച്ച് യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സ്ഥലത്തുനിന്നും മാറിനില്‍ക്കാന്‍ ശ്രമിച്ച ലിജുവിനെ മൂന്നാം പ്രതി തടഞ്ഞുനിര്‍ത്തി പുറത്തടിക്കുകയും, വെളിയില്‍ ഇറങ്ങിയാല്‍ കൊല്ലുന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവരമറിഞ്ഞു സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പ്രതികളെ ബാലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ലിജുവിന്റെ മൊഴിപ്രകാരം പ്രതികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. വിഷ്ണുവിന്റെ കയ്യില്‍ നിന്നും താക്കോല്‍ പോലീസ് കണ്ടെടുത്തു. തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----