National
കൊല്‍ക്കത്തയില്‍ 7 വയസ്സുകാരിയുടെ കൊലപാതകം; നഗരത്തില്‍ വന്‍ പ്രതിഷേധം
പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി പോലീസ് ജീപ്പ് കത്തിക്കുകയും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
കൊല്‍ക്കത്ത| കഴിഞ്ഞ ദിവസം കാണാതായ ഏഴുവയസുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത നഗരം. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി പോലീസ് ജീപ്പ് കത്തിക്കുകയും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
കൊല്‍ക്കത്തയിലെ റ്റില്‍ജാലയിലെ വീട്ടില്‍ നിന്ന് അകലെ ഒരു ഫ്‌ലാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്യുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ കാണാതായ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് വൈകിപ്പിച്ചെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം ഇന്നലെ രാത്രി പ്രതിഷേധക്കാര്‍ നിരവധി പോലീസ് വാഹനങ്ങള്‍ തകര്‍ത്തെന്നും ഈ ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റ്റില്‍ജാലയിലെ റോഡുകള്‍ ഉപരോധിച്ചു.