National
അസമീസ് വ്ളോഗറുടെ കൊലപാതകം; മലയാളിയായ കാമുകന്‍ പിടിയില്‍
ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറായി ജോലിചെയ്യുകയായിരുന്നു ആരവ്.
ബെംഗളൂരു| ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ അസം സ്വദേശിയായ വ്‌ളോഗറെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ കാമുകന്‍ പിടിയില്‍. അസം സ്വദേശിയായ മായ ഗാഗോയിയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ഒളിവില്‍പോയ കണ്ണൂര്‍ സ്വദേശി ആരവ് ഹനോയി ഉത്തരേന്ത്യയില്‍ നിന്നാണ് പിടിയിലായത്. ഇന്ന് രാത്രിയോടെ ആരവിനെ ബെംഗളൂരുവിലെത്തിക്കും.
ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറായി ജോലിചെയ്യുകയായിരുന്നു ആരവ്. മായയെ ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍ അപ്പാര്‍ട്ട്മെന്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും അപ്പാര്‍ട്ട്‌മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ആരവുമായി മായ മണിക്കൂറുകളോളം കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ നിന്ന് വ്യക്തമായതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.യൂട്യൂബില്‍ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പങ്കിട്ടിരുന്നത്.