National
അസമീസ് വ്ളോഗറുടെ കൊലപാതകം; മലയാളി കാമുകൻ ഇപ്പോഴും ഒളിവിൽ
ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ബെംഗളൂരു | അസമീസ് വ്‌ളോഗറെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ പ്രതി ഇപ്പോഴും ഒളിവില്‍. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയായ ആരവ് ഹനോയിയാണ് ഒളിവിലുള്ളത്.
ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ആരവുമായി മായ മണിക്കൂറുകളോളം കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ നിന്ന് വ്യക്തമായതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ഞായറാഴ്ചയാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ച വരെ ആരവും അപ്പാര്‍ട്ട്മെന്റില്‍ ഉളളതായാണ് വിവരം.ആരവിനെ ബെംഗളൂരു മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇവിടത്തെ പരമാവധി സിസിടിവികള്‍ പരിശോധിച്ച് ഉദ്യോഗസ്ഥ സംഘം അന്വേഷണം നടത്തിവരികയാണ്. യൂട്യൂബില്‍ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പങ്കിട്ടിരിക്കുന്നത്.