National
വിദേശ വനിതയുടെ കൊലപാതകം: രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ പിടിയില്‍
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ സെറീന ഡല്‍ഹിയില്‍ നിന്ന് മാര്‍ച്ച് അഞ്ചാം തീയതിയാണ് ബെംഗളൂരുവിലെത്തിയത്.
ബെംഗളൂരു | ഉസ്‌ബെകിസ്താന്‍ വനിതയെ ബെംഗളൂരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹോട്ടല്‍ ജീവനക്കാരായ റോബര്‍ട്ട് ,അമൃത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവരും അസം സ്വദേശികളാണ്. മോഷണം ലക്ഷ്യമിട്ടാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.വിദേശവനിതയുടെ മുറിയില്‍നിന്ന് കാണാതായ ഐഫോണും പണവും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടത്തിയതിനുശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.
മുറി വൃത്തിയാക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ യുവതിയുടെ മുറിയില്‍ പ്രവേശിച്ചത്. എന്നാല്‍ അനുവാദമില്ലാതെ മുറിയില്‍ പ്രവേശിച്ചത് സെറീന ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതികളും യുവതിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും പ്രതികള്‍ സെറീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഹോട്ടല്‍ മുറിയുടെ വാതില്‍ പൂട്ടി പ്രതികള്‍ രക്ഷപ്പെട്ടു. ഹോട്ടല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതകള്‍ പിടിയിലാവുന്നത്.
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ സെറീന ഡല്‍ഹിയില്‍ നിന്ന് മാര്‍ച്ച് അഞ്ചാം തീയതിയാണ് ബെംഗളൂരുവിലെത്തിയത്. മുറിയുടെ വാടകയും ഭക്ഷണത്തിന്റെ പണവും യുവതി അതാത് ദിവസങ്ങളിലാണ് അടച്ചിരുന്നത്. ഹോട്ടല്‍ ജീവനക്കാരനും കേസിലെ പ്രതിയുമായ അമൃത് സോനയുടെ കൈവശമാണ് സെറീന ഓരോ ദിവസത്തെയും ബില്‍ തുക കൗണ്ടറില്‍ അടയ്ക്കാനായി ഏല്‍പ്പിച്ചിരുന്നത്. ഒരു ദിവസം യുവതിയുടെ ബാഗില്‍ നിറയെ പണം പ്രതി കാണാനിടയായി.തുടര്‍ന്ന് യുവതിയുടെ കൈവശം ധാരാളം പണം ഉണ്ടെന്നും ഇത് കൈവശപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയുമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.
മാര്‍ച്ച് 12നാണ് പ്രതികള്‍ മുറിയില്‍ അറ്റക്കുറ്റ പണികളുണ്ടെന്ന കാര്യം പറഞ്ഞ് അകത്ത് പ്രവേശിച്ചത്. തുടര്‍ന്ന് തലയണ ഉപയോഗിച്ച് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ബാഗ് അരിച്ചുപെറുക്കിയെങ്കിലും ഒരു ഐഫോണും 25,000 രൂപയും മാത്രമാണ് ലഭിച്ചത്. കൂടുതല്‍ പണമില്ലെന്ന് മനസിലായതോടെ ഇതുമായി പ്രതികള്‍ ഹോട്ടലില്‍നിന്ന് കടന്നുകളയുകയായിരുന്നു. സെറീനയെ മുറിക്ക് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിളിച്ചുനോക്കാന്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. ജീവനക്കാര്‍ യുവതിയെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണങ്ങളും മുറിയില്‍ നിന്നും ലഭിച്ചില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ട യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.