Kerala
കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ കൊലപാതകം; മന്ത്രവാദ സ്വാധീനമില്ലെന്ന് പോലീസ്
കുടുംബ പ്രശ്‌നങ്ങള്‍ കൊലക്ക് കാരണമായി
കൊച്ചി | കോതമംഗലത്ത് ആറ് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രവാദത്തിന്റെ സ്വധീനമില്ലെന്ന് പോലീസ് സ്ഥിരീകരണം. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ തന്നെയായിരുന്നു രണ്ടാനമ്മയായ അനീഷ കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കുടുംബ പ്രശ്നങ്ങളും കൊലയ്ക്ക് കാരണമായി. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസിന്റെ മകള്‍ ആറ് വയസ്സുകാരി മുസ്‌കാന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
കോതമംഗലം സ്വദേശിയായ മന്ത്രവാദിയും രണ്ടാനമ്മയും തമ്മിലുള്ള ബന്ധമാണ് മന്ത്രവാദത്തിന്റെ ഭാഗമായുള്ള കൊലപാതകമാണെന്ന സംശയം പോലീസിന് ഉണ്ടാക്കിയത്. തുടര്‍ന്ന് മന്ത്രവാദിയെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബാധ ഒഴിപ്പിക്കാന്‍ എന്ന പേരിലായിരുന്നു അനീഷയുമായി മന്ത്രവാദി ബന്ധം സ്ഥാപിച്ചത്.
കോതമംഗലം പോലീസാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയെ വിളിക്കാനായി ചെന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു രക്ഷിതാക്കളുടെ ആദ്യ മൊഴി. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.