Connect with us

Kerala

ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകം; ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

രണ്ടു ദിവസം പ്രതിയെ ജയിലില്‍ നിരീക്ഷിച്ചതിനുശേഷം പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.

Published

|

Last Updated

തിരുവനന്തപുരം| ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് ഹരികുമാറിനെ പരിശോധിച്ചത്. പരിശോധനയ്ക്ക് ശേഷം കുട്ടിയുടെ അമ്മാവനായ പ്രതി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.  വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. രണ്ടു ദിവസം പ്രതിയെ ജയിലില്‍ നിരീക്ഷിച്ചതിനുശേഷം പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.

കഴിഞ്ഞ ദിവസം പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. കുഞ്ഞിനെ കൊന്നത് താനല്ലെന്ന് ഹരികുമാര്‍ പറഞ്ഞതോടെയാണ് പ്രതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്. പ്രതിയുടെ അറസ്റ്റിന് പിന്നാലെ റൂറല്‍ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്‌നമുണ്ടെന്നുമാണ് പോലീസ് പറഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പ്രതി നേരത്തെ സമ്മതിച്ചതെന്നും എസ്പി കെ സുദര്‍ശന്‍ പറഞ്ഞിരുന്നു.
അതേസമയം, കുട്ടിയുടെ മാതാവ് ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

 

 

Latest