Kerala
ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകം: മാതാപിതാക്കളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി കുടുംബവീട്ടിലെത്തിച്ചു
തിരുവനന്തപുരം | ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പോലീസ് അറിയിച്ചു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇവരുടെ പെരുമാറ്റത്തിൽ സംശയമുണ്ടെന്ന് പ്രദേശവാസികളും പറയുന്നു.
കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചതായി വിവരമുണ്ട്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
കുട്ടിയെ കാണാതാകുന്നതിനു മുമ്പ് ഇന്നലെ ഈ വീട്ടില്‍ തീപിടിത്തം ഉണ്ടായെന്നും മൊഴിയുണ്ട്.കൂടാതെ ഇതേ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുന്‍പ് പരാതിയും നല്‍കിയിരുന്നു. പിന്നീട് പരാതി പിന്‍വലിച്ചിരുന്നു. ഈ പരാതി വ്യാജമാണെന്നാണ് സൂചന.
ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രാവിലെ മുതല്‍ അടിമുടി ദുരൂഹത ഉണ്ടായിരുന്നു.കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
അതിനിടെ, കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡി. കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി കുടുംബ വീട്ടിലെത്തിച്ചു. തറവാടുവീട്ടിന് സമീപത്തെ ശ്രീതുവിൻ്റെ അമ്മാവൻ്റെ വീട്ടിൽ മൃതദേഹമെത്തിച്ചതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും വിങ്ങിപ്പൊട്ടി. പൊതുദർശനത്തിന് ശേഷം അൽപ്പസമയത്തിനകം സംസ്കരിക്കും.