National
വനിതാ കോണ്‍ഗ്രസ് നേതാവിന്റെ കൊല; പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പോലീസ്
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സച്ചിന്‍ എന്നയാളാണ് കൃത്യം നടത്തിയതെന്നാണ് സൂചന

ചണ്ഡീഗഡ് | ഹരിയാന യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് ഹിമാനി നര്‍വാളിന്റെ കൊലപാതകിയെക്കുറിച്ചുള്ള സൂചന ലഭിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രാഥമിക നിഗമനം.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സച്ചിന്‍ എന്നയാളാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ഇയാള്‍ ജ്ജാറില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ആളാണ്. ഹിമാനിയുടെ വസതിയില്‍ വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഫോണ്‍ ചാര്‍ജര്‍ കേബിള്‍ കൊണ്ട് കഴുത്ത് ഞെരിച്ചായിരുന്നു കൊല. കൃത്യത്തിനുശേഷം ആഭരണവും ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചശേഷം പ്രതി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അംഗമായിരുന്ന 22-കാരിയായ ഹിമാനി നര്‍വാളിന്റെ മൃതദേഹം റോഹ്തക്കലാണ് കണ്ടെത്തിയത്. സാംപ്ല ബസ് സ്റ്റാന്‍ഡില്‍നിന്ന് 200 മീറ്റര്‍ അകലെ സ്യൂട്ട്കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.