Connect with us

articles

മുർഷിദാബാദ് കലാപം ബി ജെ പിക്ക് വഴിയൊരുക്കാൻ

കഴിഞ്ഞ പത്ത് വര്‍ഷമായി പശ്ചിമ ബംഗാളില്‍ വര്‍ഗീയ ചേരിതിരിവും അക്രമവും ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ്. മമത സര്‍ക്കാര്‍ ഹിന്ദുക്കളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന പ്രചാരണം ബി ജെ പി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രചരണത്തിന്റെ ഗുണം ഓരോ തിരഞ്ഞെടുപ്പിലും ബി ജെ പി ക്ക് ലഭിക്കുന്നുമുണ്ട്.

Published

|

Last Updated

മോദി സര്‍ക്കാറിന്റെ വ ഖ്ഫ് ഭേദഗതി ബില്ലിനെ തുടക്കം മുതല്‍ എതിര്‍ത്തുപോരുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ്. പാര്‍ലിമെന്റിനകത്തും പുറത്തും ഈ വിഷയത്തില്‍ തൃണമൂല്‍ എം പിമാര്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ഘടകങ്ങളും പങ്കെടുത്തുവരുന്നു. പാര്‍ലിമെന്റ്പാസ്സാക്കിയ വഖ്ഫ് ഭേദഗതി സംസ്ഥനത്ത് നടപ്പിലാക്കില്ലെന്ന് ആദ്യമായി പറഞ്ഞത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. ഈ മാസം 16ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വഖ്ഫ് ബില്ലിനെതിരായ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. അതിനിടെയാണ് വഖ്ഫ് നിയമത്തിനെതിരെ മുര്‍ഷിദാബാദില്‍ പ്രതിഷേധവും മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങളും നടന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്നെതിരെയുള്ള പ്രതിഷേധം മമതാ ബാനര്‍ജി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സംഭവം ബി ജെ പിക്കുള്ള സുവര്‍ണാവസരമാവുകയും ചെയ്തു.

ഈ മാസം 11ന് വെള്ളിയാഴ്ച പശ്ചിമ ബംഗാളിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വഖ്ഫ് ഭേദഗതി നിയമത്തിന്നെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. റാലി സമാധാനപരമായിരുന്നു. എന്നാല്‍ അന്ന് വൈകിട്ട് മുര്‍ഷിദാബാദിലെ ധുലിയാന്‍ നഗരസഭയിലെ സജൂര്‍ മോറില്‍ ഇജാസ് അഹ്്മദ് എന്ന 21കാരന് വെടിയേറ്റു. വെടിവെച്ചത് സംസ്ഥാന പോലീസ് ആണോ അതല്ല, ബി എസ് എഫ് ആണോ എന്നതിൽ തര്‍ക്കമുണ്ട്. പോലീസ് അല്ല എന്ന പ്രചാരണവുമുണ്ട്. വെടിവെപ്പ് നടന്നത് പ്രകോപനമില്ലാതെയായിരുന്നു. ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഇജാസ് പെരുന്നാള്‍ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. ഞായറാഴ്ച തിരിച്ചുപോകാന്‍ നിശ്ചയിച്ചിരുന്ന ഇജാസിന്, അമ്മാവനെ സന്ദര്‍ശിച്ച് വീട്ടിലേക്കു തിരിച്ചുപോകുന്നതിന്നിടയിലാണ് വെടിയേറ്റത്. വെള്ളിയാഴ്ച വെടിയേറ്റ ഇജാസ് അഹ്്മദ് ശനിയാഴ്ച ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. ഇതേത്തുടര്‍ന്ന് പിറ്റേ ദിവസവും പ്രതിഷേധ റാലി നടക്കുകയുണ്ടായി. ഇതിന് ആഹ്വാനം ചെയ്തത് എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ഇമാം- മുഅദ്ദിന്‍ അസ്സോസിയേഷന്‍ എന്നീ സംഘടനകളായിരുന്നു .

ശനിയാഴ്ചത്തെ പ്രതിഷേധത്തിനിടയില്‍ ഹര്‍ഗോബിന്ദ് ദാസ് (65), മകന്‍ ചന്ദന്‍ ദാസ് (35) എന്നിവര്‍ കൊല്ലപ്പെട്ടു. വീട്ടില്‍ കടന്ന അക്രമികള്‍ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരു മതസ്ഥരുടെയും ആരാധനാലയങ്ങള്‍ക്കും വസ്്തുവകകള്‍ക്കും നാശം നേരിട്ടു. വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് എം എല്‍ എ മുനീറുല്‍ ഇസ്്ലാം ഉള്‍പ്പെടെയുള്ളവര്‍ അക്രമിക്കപ്പെട്ടു. ഇദ്ദേഹം അക്രമിക്കപ്പെട്ടത് പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു. എം എല്‍ എയുടെയും പാര്‍ലിമെന്റ്അംഗം ഖലീലുർറഹ്്മാന്റെയും വീടുകള്‍ക്ക് നേരെയും ആക്രമണവും കൊള്ളയും നടന്നു. പല സ്ഥലത്തും പോലീസും അക്രമികളും ഏറ്റുമുട്ടി. പോലീസുകാര്‍ക്കും പരുക്കേറ്റു.

വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. അക്രമം പടരാന്‍ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ ഒരുപോലെ ആരോപിച്ചു. അക്രമം വ്യാപിച്ചത് സുതി, ധുലിയന്‍, സാംസര്‍ഗഞ്ച്, ജംഗിപുര, ജഫ്്റാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ്. അക്രമം നിയന്ത്രണവിധേയമായത് കേന്ദ്രസേനയുടെ വരവോടെയായിരുന്നു. കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ബി ജെ പിയിലെ സുവേന്ദു അധികാരി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഹൈക്കോടതി കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഉത്തരവിടുകയായിരുന്നു. മുര്‍ഷിദാബാദ്, ഹൂഗ്ലി, നോര്‍ത്ത് 24 പര്‍ഗാനാസ്, കൊല്‍ക്കത്ത എന്നീ നാല് ജില്ലകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നായിരുന്നു ആവശ്യം. പ്രതിപക്ഷ നേതാവിന്റെ ഹരജിയെ സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു .

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തിന്നെതിരെ നടന്ന സമരത്തിന്റെ പേരില്‍ വില നല്‍കേണ്ടിവന്നിരിക്കുന്നത് പ്രസ്്തുത നിയമത്തെ അകത്തും പുറത്തും എതിര്‍ത്തുവരുന്ന മമത ഭരണകൂടത്തിനാണ്. പ്രതിഷേധം സംസ്ഥാന സര്‍ക്കാറിന്നെതിരെയുള്ള സമരമായി മാറുകയായിരുന്നു.

രണ്ട് ദിവസം മുമ്പ്, മഹാവീര്‍ ജയന്തിദിനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ മുഖ്യമന്ത്രി മമതബാനര്‍ജി പറഞ്ഞു: “ദീദി ഇവിടെയുണ്ട്. ന്യൂനപക്ഷങ്ങളോട് ഞാന്‍ ഒരു കാര്യം പറയാം. നിങ്ങള്‍ വേദനിക്കുകയാണെന്നെനിക്കറിയാം. ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ല. ന്യൂനപക്ഷങ്ങളടക്കമുള്ള മുഴുവന്‍ ജനതയുടെയും സ്വത്തും അഭിമാനവും നഷ്്ടപ്പെടുന്ന ഏത് നിയമത്തെയും എതിര്‍ക്കും. സംസ്ഥാനത്തെ ജനങ്ങളില്‍ 30 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളാണ്. എനിക്കവരെ കൈയൊഴിയാനാകില്ല. അവര്‍ നമ്മുടെ ഭാഗമാണ്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ അവര്‍ നമ്മോടൊപ്പമുണ്ട്’. ന്യൂനപക്ഷ അവകാശത്തെയും സംരക്ഷണത്തെയും കുറിച്ചും മമത പറയുകയുണ്ടായി. വഖ്ഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന സര്‍ക്കാറിന് തലവേദന സൃഷ്്ടിക്കുക, ഭരണകക്ഷിയില്‍പ്പെട്ട മുസ്്ലിം ജനപ്രതിനിധികള്‍ അക്രമിക്കപ്പെടുക, അവരുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുക ഇതൊക്കെ ചെയ്തത് വഖ്ഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവരാണെന്നത് അവിശ്വസനീയമാണ്. ഇവിടെയാണ് സമരത്തിന്റെ മറവില്‍ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന സംശയം ബലപ്പെടുന്നത്. അതേസമയം, കോടതി ഉത്തരവിനെ തുടര്‍ന്ന് ജോലി നഷ്്ടമായ കാല്‍ ലക്ഷത്തോളം അധ്യാപകര്‍ സര്‍ക്കാറിനെതിരെ സമരത്തിലാണ്. ഈ സമരത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആസൂത്രണം ചെയ്തതാണ് കലാപമെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും സി പി എമ്മും ആരോപിക്കുന്നു.

മുസ്്ലിം സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ നടന്ന കലാപം ബി ജെ പി തങ്ങള്‍ക്ക് ലഭിച്ച സുവര്‍ണാവസരമായി ഉപയോഗപെടുത്തുകയാണ്. കലാപ ഭീഷണി നിലനില്‍ക്കുന്ന മുര്‍ഷിദാബാദിലെ ധുലിയയിലെ 400ഓളം വരുന്ന ഹിന്ദുക്കളെ മാല്‍ഡയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇത് തങ്ങളാണ് ഹിന്ദുക്കളുടെ രക്ഷകരെന്ന് സ്ഥാപിക്കാന്‍ ബി ജെ പി നേതാക്കള്‍ ഉപയോഗപ്പെടുത്തുകയാണ്. ഇതിനിടെ വ്യാജ പ്രചാരണങ്ങളും കിംവദന്തികളുമുണ്ടായത് അക്രമം പടരാന്‍ കാണമായി. മുര്‍ഷിദാബാദില്‍ അക്രമത്തില്‍ പങ്കെടുക്കാന്‍ മുസ്്ലിംകള്‍ കൂട്ടത്തോടെ ട്രക്കുകളില്‍ പോകുന്നതായി ഒരു വീഡിയോ പ്രചരിപ്പിക്കുകയുണ്ടായി. വൈറലായ ഈ വീഡിയോ 2024 നവംബറില്‍ മധ്യപ്രദേശിലെ ഭേപ്പാലില്‍ നടന്ന തബ്്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

കലാപം നടന്ന മുര്‍ഷിദാബാദ് മുസ്്ലിം ഭൂരിപക്ഷ ജില്ലയാണ്. ഇവിടുത്തെ പുരുഷന്മാര്‍ പലരും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. സ്്ത്രീകള്‍ ബീഡിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന സംസ്ഥാനത്തെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നുകൂടിയാണ് മുര്‍ഷിദാബാദ്. അവര്‍ക്ക് രാഷ്്ട്രീയ ബന്ധം തൃണമൂല്‍ കോണ്‍ഗ്രസ്സിനോടാണ്.

മുര്‍ഷിദാബാദില്‍ നിന്നുള്ള മൂന്ന് എം പിമാരും സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിൽ നിന്നുള്ളവരാണ്. 22 നിയമസഭാ അംഗങ്ങളില്‍ 20 പേരും തൃണമൂല്‍ കോണ്‍ഗ്രസ്സ് അംഗങ്ങളാണ്. 2021ല്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42 മുസ്്ലിം എം എല്‍ എമാരില്‍ ഒരാള്‍ ഒഴികെ എല്ലാവരും ഭരണകക്ഷിയായ ടി എം സിയില്‍ നിന്നുള്ളവരാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, പശ്ചിമ ബംഗാള്‍ ലോക്സഭയിലെ മുസ്്ലിം ഭൂരിപക്ഷ സീറ്റുകളില്‍ 17 സീറ്റുകളിലും ടി എം സിക്കായിരുന്നു ആധിപത്യം. എട്ട് മുനിസിപാലിറ്റികളില്‍ ഏഴും 26 പഞ്ചായത്ത് ഭരണവും തൃണമൂല്‍ കോണ്‍ഗ്രസ്സിനാണ്. ഇതുകാരണം ടി എം സിയെ മുസ്്ലിം പ്രീണന പാര്‍ട്ടിയായി ബി ജെ പി ചിത്രീകരിക്കുകയാണ്. മുര്‍ഷിദാബാദ് സംഭവം ഈ പ്രചാരത്തിന് ശക്തി പകരുന്നതായി. കഴിഞ്ഞ പത്ത് വര്‍ഷമായി പശ്ചിമ ബംഗാളില്‍ വര്‍ഗീയ ചേരിതിരിവും അക്രമവും ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ്. മമത സര്‍ക്കാര്‍ ഹിന്ദുക്കളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന പ്രചാരണം ബി ജെ പി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ഈ പ്രചരണത്തിന്റെ ഗുണം ഓരോ തിരഞ്ഞെടുപ്പിലും ബി ജെ പി ക്ക് ലഭിക്കുന്നുമുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 21 ശതമാനം വേട്ടുകള്‍ ലഭിച്ച ബി ജെ പിയുടെ ഹിന്ദു വോട്ട് വിഹിതം 2019ല്‍ 47 ശതമാനമായി ഉയര്‍ന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷമാണ്. വര്‍ഗീയ കലാപങ്ങള്‍ ഭരണത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗപ്പെടുത്തുന്ന ബി ജെ പിക്ക് മുര്‍ഷിദാബാദ് കലാപവും ചവിട്ടിക്കയറാനുള്ള പടിയായി മാറിയേക്കാം.

Latest