Connect with us

International

മുഷറഫിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം; മരിച്ചെന്ന വ്യാജപ്രചാരണം തള്ളി കുടുംബം

അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുവെന്നും സുഖം പ്രാപിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും കുടുംബം

Published

|

Last Updated

ഇസ്‌ലാമാബാദ് | മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് കുടുംബം. ഇസ്‌ലാമാബാദിലെ ആശുപത്രിയില്‍ ഐസിയു പരിചരണത്തിലാണ് അദ്ദേഹമിപ്പോള്‍. വെന്‌റിലേറ്റര്‍ സപ്പോര്‍ട്ടിലല്ല മുഷറഫ് ഉള്ളതെന്നും കുടുംബം വ്യക്തമാക്കി. അതിനിടെ, മുഷറഫ് മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മുഷറഫിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുവെന്നും സുഖം പ്രാപിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും മുഷറഫിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കുടുംബം വ്യക്തമാക്കി.

ജനറല്‍ മുഷറഫ് മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. പാകിസ്ഥാന്‍ മാധ്യമങ്ങളുടെ ചില ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നാണ് ഇത് ആരംഭിച്ചത്. എന്നാല്‍, ഈ ട്വീറ്റുകള്‍ പിന്നീട് ഡിലീറ്റ് ചെയ്തു. ഇതിന് പിന്നാലെ ജനറല്‍ പര്‍വേസ് മുഷറഫിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുകയായിരുന്നു.

അമിലോയിഡോസിസ് ക്യാൻസർ ബാധിതനായ മുഷറഫിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മൂന്നാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

---- facebook comment plugin here -----

Latest