Techno
മസ്‌കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; അനുമതി നൽകിയേക്കുമെന്ന് സൂചന
2022 ഒക്ടോബറിലാണ് സ്റ്റാർലിങ്ക് ഗ്ലോബൽ പേഴ്സണസൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റ്ലൈറ്റ് ലൈസൻസിന് അപേക്ഷിച്ചത്
ആഗോള സാറ്റലൈറ്റ് ബ്രോഡ‍്ബാൻഡ് ഭീമൻ സ്റ്റാർലിങ്കിന് ലൈസൻസ് അനുവദിക്കാൻ കേന്ദ്രം നീക്കം നടത്തുന്നതായി റിപ്പോർട്ട്.ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർലിങ്ക്. ചില നിബന്ധനകളിൽ ഇളവ് വരുത്തി ലൈസൻസ് അനുവദിക്കാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിനായി കേന്ദ്ര സർക്കാരിനോട് സ്റ്റാർലിങ്ക് ചില വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സർക്കാർ സ്റ്റാർലിങ്കിൻ്റെ അഭ്യർത്ഥന പരിഗണിക്കുന്നതായും ഇരുകൂട്ടർക്കും സമ്മതമായ പരിഹാരത്തിലേയ്ക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
2022 ഒക്ടോബറിലാണ് സ്റ്റാർലിങ്ക് ഗ്ലോബൽ പേഴ്സണസൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റ്ലൈറ്റ് ലൈസൻസിന് അപേക്ഷിച്ചത്. 20 വർഷത്തേയ്ക്കാണ് ജിഎംപിസിഎസ് ലൈസൻസ് അനുവദിക്കുന്നത്. ലൈസൻസ് അനുവദിക്കപ്പെടുന്ന കമ്പനികൾക്ക് ലൈസൻസിൽ പറഞ്ഞിരിക്കുന്ന സർവീസ് മേഖലകളിൽ സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ സർവീസ് നടത്താനാണ് അനുമതിയുള്ളത്. എന്നാൽ ഇന്ത്യയിൽ നിലവിലുള്ള ലൈസൻസ് മാനദണ്ഡങ്ങൾ പ്രകാരം സ്റ്റാർലിങ്കിന് അനുമതി നൽകിയിരുന്നില്ല. ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനം തുടങ്ങും മുമ്പ് സ്റ്റാർലിങ്ക് പാലിക്കേണ്ട ചില നിയന്ത്രണങ്ങൾ ഉണ്ട്. അവയിൽ തട്ടിയാണ് അനുമതി നീണ്ടുപോയത്.
ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ എവിടെ സംഭരിക്കും എന്നതായിരുന്നു പ്രധാന പ്രശ്‌നം. സ്റ്റാർലിങ്കിൻ്റെ സേവനങ്ങൾ ഉപയോഗിക്കുമ്പോഴും, വ്യക്തിഗത വിശദാംശങ്ങൾ, ബ്രൗസിംഗ് വിവരങ്ങൾ അല്ലെങ്കിൽ സ്ട്രീമിംഗ് മുൻഗണനകൾ എന്നിവ പോലുള്ള ഡാറ്റകൾ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ തന്നെ നിൽക്കണം എന്നത് നിർബന്ധമാണ്. ഇവ ഇന്ത്യയ്ക്കുള്ളിലെ സെർവറുകളിൽ പ്രോസസ്സ് ചെയ്യണമെന്ന് അർത്ഥം. അതോടൊപ്പം മറ്റൊരു പ്രശ്‌നം കടലിലോ മറ്റോ ഒരാൾ സ്റ്റാർലിങ്കിൻ്റെ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് സങ്കൽപ്പിക്കുക. ഇയാളുടെ ഡാറ്റ ഒരു ഉപഗ്രഹത്തിലേക്ക് അയയ്‌ക്കും. ആ ഡാറ്റ ഇന്ത്യക്ക് പുറത്തുള്ള ഒരു ഗേറ്റ്‌വേയിലൂടെ പ്രോസസ്സ് ചെയ്യുകയാണെങ്കിൽ, സർക്കാരിന് അതിന്മേൽ നിയന്ത്രണമില്ല. അതൊരു വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ചും നിർണായക ആശയവിനിമയങ്ങളോ സെൻസിറ്റീവ് വിവരങ്ങളോ ഉൾപ്പെട്ടിരിക്കുമ്പോൾ.
അതിനാൽ, ഇന്ത്യൻ വ്യോമാതിർത്തിയിലൂടെയോ വെള്ളത്തിലൂടെയോ കടന്നുപോകുന്ന ഏതൊരു ഇൻ്റർനെറ്റ് ട്രാഫിക്കും പ്രാദേശിക ഗേറ്റ്‌വേയിലൂടെ പോകണമെന്ന് സർക്കാർ പറഞ്ഞു.
ഇതോടൊപ്പം ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ചൈനയോ പാക്കിസ്ഥാനോ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരോ ഓഹരി ഉടമകളോ സ്റ്റാർലിങ്കിന് ഉണ്ടാകരുതെന്നും നിബന്ധനയുണ്ട്. ഇവർക്ക് ഡാറ്റയിലേക്കുള്ള ആക്‌സസ് അല്ലെങ്കിൽ കമ്പനി തീരുമാനങ്ങളിലെ സ്വാധീനമാണ് സർക്കാർ പ്രശ്‌നം. ഇതെല്ലാം പരിഗണിക്കാൻ സ്റ്റാർലിങ്ക് തയ്യാറായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ചില മാനദണ്ഡങ്ങൾ സാങ്കേതികമായി അപ്രായോഗികമാണെന്ന നിലപാടാണ് സ്റ്റാർലിങ്ക് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
വിലനിശ്ചയിച്ച് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ലേലം നടത്തണമെന്നും നേരത്തെ മുകേഷ് അംബാനിയും സുനിൽ മിത്തലും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് നിരാകരിച്ചിരുന്നു. ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ഉയർന്ന ഡിമാൻഡുള്ള ഇന്ത്യയെ വലിയ വിപണിയായാണ് സ്റ്റാർലിങ്ക് കാണുന്നത്. ലേലത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയത്തിനുപകരം സർക്കാർ നിശ്ചയിക്കുന്ന വിലനിർണ്ണയം സ്റ്റാർലിങ്കിന്റെ എൻട്രി ചെലവ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് വഴി സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.