comment against prophet
മുസ്ലിം രാജ്യങ്ങള്‍ പറയുന്നത് കേള്‍ക്കും: സ്വന്തം രാജ്യത്തെ മുസ്ലിംങ്ങളെ മോദി കേള്‍ക്കില്ല- ഉവൈസി
പ്രവാചക നിന്ദ: പ്രധാനമന്ത്രിയുടെ നടപടികളില്‍ എതിര്‍പ്പ്

ഹൈദരാബാദ് | മുസ്ലിം രാജ്യങ്ങള്‍ പറയുന്നത് മുഖവിലക്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് സ്വന്തം രാജ്യത്തെ മുസ്ലിംങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്ന് മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി.
പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി വക്താവിനെതിരെ മുസ്ലിം രാജ്യങ്ങള്‍ ശബ്ദമുയര്‍ത്തിയപ്പോഴാണ് നടപടിയെടുത്തത്. ഇതില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ പ്രതികരിച്ചപ്പോള്‍ ബി ജെ പി ഒരു നടപടിയും സ്വീകരിച്ചില്ല. സ്വന്തം രാജ്യത്തെ മുസ്ലിം വിഭാഗത്തിന്റെ വാക്കുകള്‍ വിലകല്‍പ്പിക്കാത്ത പ്രധാനമന്ത്രിയുടെ നടപടികളില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും ഉവൈസി പറഞ്ഞു.
പ്രവാചക നിന്ദ നടത്തിയ ബി ജെ പി നേതാക്കളായ നുപുര്‍ ശര്‍മയേയും നവീന്‍ കുമാറിനേയും അറസ്റ്റ് ചെയ്യാത്തതിനേയും ഉവൈസി വിമര്‍ശിച്ചു. ഞാന്‍ എന്തെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞാല്‍ നാളെ രാവിലെ തന്നെ ബി ജെ പി ‘അറസ്റ്റ് ഒവൈസി’ എന്ന മുദ്രാവാക്യവുമായി വരും. സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്യും. പക്ഷേ വിദ്വേഷ പരാമര്‍ശം നടത്തി പത്ത് ദിവസം കഴിഞ്ഞ്, അതും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആണ് പ്രധാനമന്ത്രിക്ക് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തോന്നിയത്.
പങ്കുവെച്ച ട്വീറ്റുകളും, ഉപയോഗിച്ച ഭാഷയും തെറ്റാണെന്ന് ബോധ്യപ്പെടുന്നുണ്ടെങ്കില്‍, തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.