Connect with us

National

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 16ാം വയസില്‍ വിവാഹിതരാകാം; സുപ്രധാന വിധിയുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതി

ഇസ്ലാമിക ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Published

|

Last Updated

ചണ്ഡീഗഢ് | മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 16ാം വയസില്‍ വിവാഹം കഴിക്കാമെന്ന വിധിയുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതി. 16 മുതല്‍ 21 വയസ് വരെയുള്ള ദമ്പതികള്‍ക്ക് അവരുടെ മാതാപിതാക്കളില്‍ നിന്നും സംരക്ഷണം നല്‍കാനാണ് വിധിയെന്ന് ഹൈക്കോടതി പ്രസ്താവിച്ചു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 16 ാം വയസില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നാണ് വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇസ്ലാമിക ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ പത്താന്‍കോട്ടുകാരായ മുസ്‌ലിം ദമ്പതികളുടെ ഹരജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദി വിധി പ്രസ്താവിച്ചത്. തങ്ങളുടെ കുടുംബങ്ങളില്‍ നിന്ന് സംരക്ഷണം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

മുഹമ്മദിയന്‍ നിയമ തത്വങ്ങളിലെ 195ാമത് അനുച്ഛേദം പ്രകാരം 16 വയസുള്ള പെണ്‍കുട്ടിക്കും 21 വയസുള്ള ആണ്‍ക്കുട്ടിക്കും ഇസ്ലാമിക നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമാകും. അവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളുടെ താത്പര്യത്തിനെതിരായാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ടുമാത്രം ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനാവകാശങ്ങള്‍ അവര്‍ക്ക് നിഷേധാക്കാനാവില്ല. ഹരജിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അടിയന്തര നിയമനടപടികള്‍ സ്വീകരിക്കാനും ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു.

2022 ജനുവരി എട്ടിനാണ് പത്താന്‍കോട്ടുകാരായ ഇവര്‍ ഇസ്‌ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ വിവാഹത്തിന് അനുകൂലമല്ലായിരുന്നു. നിയമപരമല്ലാത്ത വിവാഹമാണെന്ന് പറഞ്ഞ ഇരു കുടുംബങ്ങളും ഭീഷണിപ്പെടുത്തുകയാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.