Connect with us

Editorial

അസമിലേത് മുസ്‌ലിം വേട്ട തന്നെ

സംസ്ഥാനത്ത് അല്‍ഖാഇദ ബന്ധം ആരോപിച്ച് മദ്‌റസകള്‍ പൊളിച്ചു മാറ്റുകയും അനധികൃത നിര്‍മാണം ആരോപിച്ച് മുസ്‌ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു വരുന്നതിനിടെ ഇപ്പോള്‍ ശൈശവ വിവാഹ പ്രശ്‌നം എടുത്തിട്ടത് മുസ്‌ലിംകളെ ഉന്നം വെച്ചാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

ശൈശവ വിവാഹത്തിന്റെ പേരിലുള്ള മുസ്‌ലിം വേട്ട തുടരുകയാണ് അസമിലെ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍. ഫെബ്രുവരി 17 വരെയുള്ള കണക്കനുസരിച്ച് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 4,244 കേസുകളിലായി 3,058 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ ചടങ്ങുകള്‍ നടത്തിയ വരന്മാരുടെ മാതാപിതാക്കളും കാര്‍മികത്വം വഹിച്ച മതപുരോഹിതന്മാരും ഉള്‍പ്പെടെ 8,100ലധികം പേരുടെ പേരുകള്‍ പോലീസ് കൈവശമുണ്ട്. അറസ്റ്റ് തുടരുമെന്നാണ് മുഖ്യമന്ത്രി മാധ്യമ ലേഖകരെ അറിയിച്ചത്. 14 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 വയസ്സിനിടയിലുള്ള പ്രായക്കാരെ വിവാഹം ചെയ്യുന്നവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം അസമിലെ ധുബ്രി, സൗത്ത് സല്‍മാര, ബാര്‍പേട്ട, ഗോള്‍പാറ തുടങ്ങിയ ജില്ലകളില്‍ ആരോഗ്യ വിദഗ്ധര്‍ നടത്തിയ സര്‍വേകളില്‍ ശൈശവ വിവാഹത്തിന്റെ തോത് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നുവത്രെ. ഈ ദുരാചാരം അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറയുന്നു.

അറസ്റ്റിലായവരില്‍ ബന്ധുക്കളും വിവാഹത്തിന് നേതൃത്വം നല്‍കിയ പുരോഹിതരും ഉള്‍പ്പെടുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകള്‍ തപ്പിയെടുത്തും ഭര്‍ത്താക്കന്മാരെ വേട്ടയാടുന്നുണ്ട്. നടപടിക്ക് വിധേയരാകുന്നവര്‍ ബഹുഭൂരിഭാഗവും മുസ്‌ലിം കുടുംബങ്ങളാണ്. സംസ്ഥാനത്ത് അല്‍ഖാഇദ ബന്ധം ആരോപിച്ച് മദ്‌റസകള്‍ പൊളിച്ചു മാറ്റുകയും അനധികൃത നിര്‍മാണം ആരോപിച്ച് മുസ്‌ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു വരുന്നതിനിടെ ഇപ്പോള്‍ ശൈശവ വിവാഹ പ്രശ്‌നം എടുത്തിട്ടത് മുസ്‌ലിംകളെ ഉന്നം വെച്ചാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയില്‍ ശൈശവ വിവാഹം, അഥവാ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തുടനീളം ഇപ്പോഴും ഇത് നടക്കുന്നുണ്ട.് പെണ്‍കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച വേവലാതികള്‍, സാമൂഹികമായും സാമ്പത്തികമായും പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കല്‍, മകള്‍ വഴിതെറ്റി പോകുമെന്ന രക്ഷിതാക്കളുടെ ആശങ്ക തുടങ്ങി സാമൂഹികവും സാമ്പത്തികവും മതപരവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാണിതിനു പിന്നില്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പത്ത് പെണ്‍കുട്ടികളില്‍ രണ്ട് പേരും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നുണ്ട്. ഗുജറാത്ത്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട് ഇത്തരം വിവാഹങ്ങള്‍. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വിശേഷിച്ചും. ഇതര സംസ്ഥാനങ്ങളിലെല്ലാം പരാതി ഉയരുമ്പോള്‍ മാത്രമാണ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അസമില്‍ നടക്കുന്നത് പോലെ ഇപ്പേരില്‍ വ്യാപകമായ വേട്ട ഇതുവരെയും മറ്റൊരു സംസ്ഥാനത്തും അരങ്ങേറിയിട്ടില്ല. മാത്രമല്ല, അസമില്‍ ബി ജെ പി ഭരണത്തില്‍ വന്നിട്ട് ആറ് വര്‍ഷമായി. ഇതുവരെ എവിടെയായിരുന്നു സര്‍ക്കാര്‍. ഇവിടെയാണ് സര്‍ക്കാര്‍ നടപടിക്കു പിന്നിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്.

അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജയിലില്‍ സ്ഥലമില്ലാത്തത് മൂലം താത്കാലിക ജയില്‍ സജ്ജീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സില്‍ച്ചാര്‍ മൈതാനമാണ് താത്കാലിക ജയിലാക്കി മാറ്റിയത്. അതേസമയം അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധം അരങ്ങേറിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തും രാഷ്ട്രീയ തലങ്ങളിലും. വികലമായ നിയമപ്രയോഗമെന്നാണ് ഇതേക്കുറിച്ച് ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി അഭിപ്രായപ്പെട്ടത്. ഇത്രയും കാലം ബോധവത്കരണം പോലും നടത്താന്‍ തയ്യാറാകാതെ പൊടുന്നനെ പുരുഷന്മാരെ വ്യാപകമായി അറസ്റ്റ് ചെയ്ത് കുടുംബങ്ങളെ വഴിയാധാരമാക്കുന്നത് നീതീകരിക്കാനാകില്ല. പ്രശ്‌നത്തെ സാമൂഹികമായി കണ്ട് ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാനുള്ള ശ്രമമാണ് ആദ്യം ഉണ്ടാകേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു. കോണ്‍ഗ്രസ്സ്, തൃണമൂല്‍ കോണ്‍ഗ്രസ്സ് തുടങ്ങി മറ്റു പ്രതിപക്ഷ കക്ഷികളും അസമിലെ പോലീസ് വേട്ടക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. അറസ്റ്റ് ചെയ്ത് ജയിലിലടച്ച പുരുഷന്മാരുടെ ഭാര്യമാരും ബന്ധുക്കളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. പോലീസ് ക്രൂരമായാണ് ഇവരെ നേരിട്ടത്. പ്രതിഷേധക്കാരെ മര്‍ദിക്കുകയും പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

ഗുവാഹത്തി ഹൈക്കോടതിയും സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. പീഡന പരാതികളില്ലാതെ എങ്ങനെയാണ് പോക്സോ ചുമത്തുകയെന്ന് ചോദിച്ച കോടതി, ശൈശവ വിവാഹം ശരിയായ കാര്യമല്ലെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിച്ച പുരുഷന്‍മാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് ശരിയായ നിലപാടല്ലെന്നും ചൂണ്ടിക്കാട്ടി. കൂട്ട അറസ്റ്റുകള്‍ കുടുംബ ജീവിതം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസില്‍ ഒമ്പത് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. കുട്ടികള്‍ക്ക് ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ള നിയമവും പോക്‌സോ നിയമവും ശൈശവ വിവാഹ കേസുകളില്‍ പ്രയോഗിക്കുന്നതിന്റെ സാധുതയില്‍ നിയമ വിദഗ്ധരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബി ബി സി തുടങ്ങി വിദേശ മാധ്യമങ്ങളും അസം സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ശൈശവ വിവാഹത്തിന്റെ പേരില്‍ യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അവരുടെ ഭാര്യമാരായ പെണ്‍കുട്ടികള്‍ വഴിയാധാരമാകും. അസം സര്‍ക്കാര്‍ നടപടി വിപരീത ഫലം ചെയ്യുമെന്നും ആരെയും അറിയിക്കാതെയുള്ള രഹസ്യ വിവാഹങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നും ബി ബി സി ചൂണ്ടിക്കാട്ടി. മുസ്‌ലിം വേട്ടയാണ് അസം സര്‍ക്കാറിന്റെ നടപടിക്കു പിന്നിലെന്നും ബി ബി സി വിലയിരുത്തുന്നു.

Latest