National
മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ചു.
ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ നേതൃത്വത്തിലുള്ള ലീഗ് പ്രതിനിധി സംഘം, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തുന്നു.
റാഞ്ചി | ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രതിനിധി സംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തി. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളില്‍ സംതൃപ്തി രേഖപ്പെടുത്തിയ സംഘം ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, മുസ്ലിം ലീഗ് പാര്‍ട്ടികള്‍ക്കിടയില്‍ സഹകരണം നടപ്പാക്കുന്നതില്‍ പാര്‍ട്ടിയുടെ പിന്തുണ അറിയിച്ചു.
ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ച് സഹകരണവും പിന്തുണയും ഉറപ്പ് വരുത്തി. വരുന്ന തിരഞ്ഞെടുപ്പില്‍ ജെ എം എമ്മിനും ഇന്ത്യ മുന്നണിക്കും മുസ്‌ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലേക്ക് സോറന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിക്കുകയും തങ്ങള്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തു.
കാലങ്ങളായി മുസ്‌ലിം ലീഗ് ഝാര്‍ഖണ്ഡ് സംസ്ഥാനത്തില്‍ നടത്തിവരുന്ന വിവിധ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളില്‍ മുഖ്യമന്ത്രി സംതൃപ്തിയും നന്ദിയും അറിയിച്ചു. കല്‍പന സോറന്‍ എം എല്‍ എ, അഡ്വ. ഹാരിസ് ബീരാന്‍ എം പി, പി കെ ബഷീര്‍ എംഎല്‍എ തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.