Kerala
ജമാഅത്തെ ഇസ്‌ലാമിയെ മതനിരപേക്ഷ മുസ്‌ലിം സമൂഹം അംഗീകരിക്കുന്നില്ല; ലീഗിനും കോണ്‍ഗ്രസ്സിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
'ജമാഅത്തെ ഇസ്‌ലാമിയോടും എസ് ഡി പി ഐയോടുമൊപ്പം യു ഡി എഫ് പ്രവര്‍ത്തിക്കുന്നു. ലീഗിനും ഇപ്പോള്‍ ഇവരോട് വല്ലാത്ത പ്രതിപത്തിയാണ്. ഈ നീക്കം അങ്ങേയറ്റം അപകടകരമാണ്.'
മലപ്പുറം | മുസ്‌ലിം ലീഗിനും കോണ്‍ഗ്രസ്സിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്‌ലാമിയെ മതനിരപേക്ഷ മുസ്‌ലിം സമൂഹം അംഗീകരിക്കുന്നില്ല. മുസ്‌ലിം സമൂഹത്തിലെ പ്രബലരായ സുന്നി വിഭാഗം എക്കാലവും അകറ്റി നിര്‍ത്തിയവരാണ് ജമാഅത്തെ ഇസ്‌ലാമി. ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്‌ലാമിയെ അവര്‍ അംഗീകരിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന് അവരോട് ഇപ്പോള്‍ വല്ലാത്ത പ്രതിപത്തിയാണ്. പല കാര്യങ്ങളിലും അവരോട് ആലോചിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത് അപകടകരമാണ്. സി പി എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമിയും എസ് ഡി പി ഐയും യു ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയുടെ അമിത ആഹ്ലാദമാണ് കണ്ടത്. അവരുടെ സ്ഥാനാര്‍ഥി ജയിച്ചു എന്ന് പറഞ്ഞാണ് അവര്‍ രംഗത്തു വന്നത്. മുസ്‌ലിം ലീഗ് വര്‍ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയാണ്. ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതി വരും. ഈ രാഷ്ട്രീയം അപകടകരമെന്ന് ലീഗ് മനസിലാക്കിയില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകും.
നാല് വോട്ടിന്റെയോ രണ്ട് സീറ്റിന്റെയോ പ്രശ്‌നമല്ലിത്. നാടിന്റെ ഭാവിയുടെ പ്രശ്നമാണ്. ഈ കാര്യത്തില്‍ കറകളഞ്ഞ നിലപാടാണ് സി പി എമ്മിനുള്ളത്. നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാട്ടുന്നവരല്ല സി പി എം. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയും സി പി എം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതക്ക് ന്യൂനപക്ഷ വര്‍ഗീയതയല്ല മരുന്ന്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍ അതിന് വര്‍ഗീയതയോട് കീഴ്പ്പെടുകയല്ല വേണ്ടത്. മതനിരപേക്ഷതയാണ് വര്‍ഗീയതയ്ക്കുള്ള മറുമരുന്ന്. എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും യോജിപ്പോടെ സര്‍ക്കാരിനെ എതിര്‍ക്കുകയാണ്. വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട് അപകടകരമാണ്. വര്‍ഗീയതയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞ ഒരുപാട് കോണ്‍ഗ്രസ്സ് നേതാക്കളുണ്ട്. ആ കൂട്ടത്തിലാണ് ലീഗുമുള്ളത്. ഇടതു സര്‍ക്കാറിനെതിരെ എല്ലാവഴിവിട്ട മാര്‍ഗങ്ങളും സ്വീകരിച്ചിരിക്കുകയാണ് യു ഡി എഫെന്നും പിണറായി വിജയന്‍ പറഞ്ഞു.