Kerala
തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പിളര്‍ന്നു; സമാന്തര കമ്മിറ്റി രൂപവത്ക്കരിച്ച് വിമതര്‍
കണ്ണൂര്‍ | കണ്ണൂര്‍ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പിളര്‍ന്നു. ഗ്രൂപ്പ് പോര് രൂക്ഷമായതിനു പിന്നാലെയാണിത്. തളിപ്പറമ്പ് ഘടകത്തിലെ ഒരു വിഭാഗം ചേര്‍ന്ന് നേതൃത്വത്തിനെതിരെ സമാന്തര കമ്മിറ്റി രൂപവത്ക്കരിച്ചു. മുഹമ്മദ് അള്ളാംകുളത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് മുനിസിപ്പല്‍ കമ്മിറ്റിക്കെതിരെ വിമത പ്രവര്‍ത്തനം തുടങ്ങിയത്. കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് യൂത്ത് ലീഗ്, വനിതാ ലീഗ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകള്‍ക്കും സമാന്തര കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി കെ സുബൈറും അള്ളാകുളം മുഹമ്മദും തമ്മിലുള്ള ഗ്രൂപ്പ് പോര് വര്‍ഷങ്ങളോളമായി തുടരുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കമ്മിറ്റി ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമായി. ഇതോടെയാണ് സമാന്തര കമ്മിറ്റികള്‍ രൂപവത്ക്കരിക്കാന്‍ വിമത ഘടകം തീരുമാനിച്ചത്. തളിപ്പറമ്പ് നഗരസഭ നിലവില്‍ ലീഗാണ് ഭരിക്കുന്നത്. ഏഴ് കൗണ്‍സിലര്‍മാര്‍ വിമത പക്ഷത്താണുള്ളത്. ഇവര്‍ വിട്ടുനിന്നാല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമാകുമെന്നതാണ് സ്ഥിതി.