Connect with us

Kerala

വഖ്ഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് മുസ്്ലിം സംഘടനകൾ

ഇത് നടപ്പാക്കുന്നത് രാജ്യത്ത് അരാജകത്വത്തിനും ഭിന്നതക്കും വരെ കാരണമായേക്കാം

Published

|

Last Updated

കൊച്ചി | വഖ്ഫ് ഭേദഗതി ബില്ല് കേന്ദ്ര സർക്കാർ പൂർണമായി പിൻവലിക്കണമെന്ന് മുസ്്ലിം സംഘടനകൾ. ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാന വഖ്ഫ് ബോർഡിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് സംഘടനകൾ തീരുമാനം അറിയിച്ചത്. ഭേദഗതി ബില്ല് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങൾ ഹനിക്കുന്നതുമാണെന്ന് യോഗം വിലയിരുത്തി.
ഇത് നടപ്പാക്കുന്നത് രാജ്യത്ത് അരാജകത്വത്തിനും ഭിന്നതക്കും വരെ കാരണമായേക്കാം. ഒട്ടേറെ ന്യൂനതകളടങ്ങിയ ബില്ലിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പകരം പൂർണമായി ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. വഖ്ഫ് നിയമഭേദഗതി സംബന്ധിച്ച് അടുത്ത ദിവസം തന്നെ മന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ പ്രതിനിധികൾ, വഖ്ഫ് ബോർഡ് ചെയർമാൻ, അംഗങ്ങൾ, മതസംഘടനാ പ്രതിനിധികൾ എന്നിവർ ചേർന്ന് സംയുക്ത പാർലിമെന്ററി സമിതിക്ക് നിർദേശം സമർപ്പിക്കും. സംഘടനകൾ മുന്നോട്ടുവെച്ച അഭിപ്രായങ്ങൾ ക്രോ ഡീകരിച്ചായിരിക്കും സമർപ്പിക്കുക. 14ന് മുമ്പ് നിർദേശങ്ങൾ സമർപ്പിക്കാനാണ് ജെ പി സി അറിയിച്ചത്.

ജെ പി സി ചെയർമാൻ ജഗതാംബിക പാലുമായി കൂടിക്കാഴ്ച നടത്തി നിവേദനം നേരിട്ട് കൈമാറാനാണ് ബോർഡിന്റെ നീക്കം. ഇതുസംബന്ധിച്ച് അടുത്ത ദിവസം മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും. ഇതിന് ശേഷമാകും അന്തിമ തീരുമാനം. രാജ്യത്തെ മറ്റ് വഖ്ഫ് ബോർഡുകൾക്കും നിർദേശങ്ങൾ അയച്ചുനൽകാൻ ധാരണയായിട്ടുണ്ട്. മന്ത്രി വി അബ്ദുർറഹ്്മാൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ അധ്യക്ഷത വഹിച്ചു. എം പിമാരായ എ എ റഹീം, ഹൈബി ഈഡൻ, അഡ്വ.ഹാരിസ് ബീരാൻ, എം എൽ എ മാരായ പി ഉബൈദുല്ല, ടി ജെ വിനോദ്, മുഹമ്മദ് മുഹ്സിൻ, അഹ്്മദ് ദേവർകോവിൽ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ്, മദ്റസാ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ കാരാട്ട് റസാഖ്, സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഇ കെ വിഭാഗം മുശാവറ അംഗം ഉമർ ഫൈസി മുക്കം, ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, മദ്റസാ അധ്യാപക ക്ഷേമനിധി അംഗം യഅ്ഖൂബ് ഫൈസി, പ്രൊഫ. അബ്ദുൽ ഹമീദ്, വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് സ്വാഗതവും വഖ്ഫ് ബോർഡ് സി ഇ ഒ സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

Latest