From the print
മുസ്‌ലിം വിഭാഗങ്ങള്‍ സൗഹാര്‍ദം ഉയര്‍ത്തിപ്പിടിക്കണം: ഡോ ഹകീം അസ്ഹരി
'പരസ്പരം വെച്ചുപുലര്‍ത്തുന്ന വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയുമാണ് ഫലസ്തീന്‍ പോലെ മുസ്‌ലിം സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ പിന്നിലെ മുഖ്യ കാരണം.'
മുസ്‌ലിം വേൾഡ് ലീഗ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഡോ. അബ്ദുൽ ഹകീം അസ്ഹരി പങ്കെടുത്തപ്പോൾ
മക്ക | മുസ്‌ലിം സമൂഹത്തിലെ വിത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ വൈവിധ്യങ്ങള്‍ നില നില്‍ക്കുമ്പോഴും സൗഹാര്‍ദവും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രസ്താവിച്ചു. റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമിയ്യ (മുസ്‌ലിം വേള്‍ഡ് ലീഗ്) യുടെ മക്കയില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അസ്ഹരി.
വിശ്വാസ കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുമ്പോഴും സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ സൗഹാര്‍ദത്തില്‍ കഴിയണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു സമ്മേളനം. പരസ്പരം വെച്ചുപുലര്‍ത്തുന്ന വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയുമാണ് ഫലസ്തീന്‍ പോലെ മുസ്‌ലിം സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ പിന്നിലെ മുഖ്യ കാരണമെന്നും ഡോ. അസ്ഹരി പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച്, അബ്ദുല്ല ബിന്‍ ശൈഖ് ബിന്‍ ബയ്യ (യു എ ഇ), ആയതുല്ല ശൈഖ് അഹ്‌മദ് മബ്‌ലഗി(ഇറാന്‍), ഡോ. മുഹമ്മദ് മുഖ്താര്‍ ജുമൂ മബ്റൂക് (ഈജിപ്ത്), ശൈഖ് മിഫ്താഹ് അല്‍ അഖ്യാര്‍ (ഇന്തോനേഷ്യ), ശൈഖ് ഫള്‌റുല്‍ റഹ്‌മാന്‍ ബിന്‍ മുഫ്തി മഹ്‌മൂദ് (പാകിസ്താന്‍), ഡോ. അലി ബിന്‍ അബ്ദുര്‍റഹ്‌മാന്‍ അര്‍ബിശ് (തുര്‍ക്കി), ഡോ. അസ്സയ്യിദ് ജവാദ് അല്‍ ഖൗലി (ഇറാഖ്), ശൈഖ് വാന്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ അസീസ് (മലേഷ്യ), ശൈഖ് മുഹമ്മദ് അല്‍ മാഹി (ആഫ്രിക്ക), ഇരു ഹറം കാര്യദര്‍ശിയും മക്ക ഹറം ഇമാമുമായ ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ സുദൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഏക സംഘടനയായ സമസ്തയെ പ്രതിനിധീകരിച്ചാണ് മുശാവറ അംഗം കൂടിയായ ഡോ. ഹകീം അസ്ഹരി സമ്മേളനത്തില്‍ പങ്കെടുത്തത്.