Connect with us

Articles

അമേരിക്കൻ തിരഞ്ഞെടുപ്പിലെ മുസ്‌ലിം വോട്ടുകൾ

അമേരിക്കൻ ജനസംഖ്യയുടെ 1.34 ശതമാനമാണ് മുസ്്ലിംകളെങ്കിലും ഡെമോക്രാറ്റിക് പാർട്ടിക്കും റിപബ്ലിക്കൻ പാർട്ടിക്കും തുല്യ ശക്തിയുള്ള സ്വിംഗ് സംസ്ഥാനങ്ങളിൽ മുസ്‌ലിം വോട്ടുകൾ നിർണായകമാണ്. അഭിപ്രായ സർവേകളിൽ കമലയും ട്രംപും തമ്മിലുള്ള വോട്ട് വ്യത്യാസം ഏറിയും കുറഞ്ഞും വരുന്ന സാഹചര്യത്തിൽ മുസ്‌ലിം വോട്ടുകൾ വിജയ പരാജയങ്ങളുടെ വ്യാപ്തി നിർണയിക്കുമെന്നുറപ്പാണ്.

Published

|

Last Updated

അമേരിക്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ മുഖ്യസ്ഥാനാർഥികളായ ഡെമോക്രാറ്റിക് പാർട്ടിയിലെ കമലാ ഹാരിസിനും റിപബ്ലിക്കൻ പാർട്ടിയിലെ ഡൊണാൾഡ് ട്രംപിനും രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം വോട്ടർമാർ പ്രിയപ്പെട്ടവരായി മാറുകയാണ്. അമേരിക്കൻ ജനസംഖ്യയുടെ 1.34 ശതമാനമാണ് മുസ്്ലിംകളെങ്കിലും ഡെമോക്രാറ്റിക് പാർട്ടിക്കും റിപബ്ലിക്കൻ പാർട്ടിക്കും തുല്യ ശക്തിയുള്ള സ്വിംഗ് സംസ്ഥാനങ്ങളിൽ മുസ്‌ലിം വോട്ടുകൾ നിർണായകമാണ്. അഭിപ്രായ സർവേകളിൽ കമലയും ട്രംപും തമ്മിലുള്ള വോട്ട് വ്യത്യാസം ഏറിയും കുറഞ്ഞും വരുന്ന സാഹചര്യത്തിൽ മുസ്‌ലിം വോട്ടുകൾ വിജയ, പരാജയങ്ങളുടെ വ്യാപ്തി നിർണയിക്കുമെന്നുറപ്പാണ്. എൻ ബി എസ് ന്യൂസിന്റെ ഏറ്റവും ഒടുവിലെ സർവേ പ്രകാരം കമലയും ട്രംപും ഒപ്പത്തിനൊപ്പമാണ്. ഇരുവർക്കും ലഭിച്ചത് 48 ശതമാനം പിന്തുണ. 2020ലെ തിരഞ്ഞെടുപ്പിലെ തന്റെ വിജയത്തിൽ മുസ്‌ലിം വോട്ടർമാരുടെ പങ്ക് ബൈഡൻ തുറന്നു സമ്മതിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മിഷിഗണിലെ 70 ശതമാനം മുസ്‌ലിം വോട്ടുകളും ലഭിച്ചത് ബൈഡനായിരുന്നു. ഇത്തവണ ബൈഡൻ മത്സരത്തിൽ നിന്ന് മാറിനിന്ന സാഹചര്യത്തിൽ വൈസ് പ്രസിഡന്റ്കമലാ ഹാരിസാണ് ഡൊമോക്രാറ്റിക് സ്ഥാനാർഥി.

ഗസ്സയിലും ലബനാനിലും ഇസ്‌റാഈൽ നടത്തുന്ന കൂട്ടക്കുരുതി ലോകം ചർച്ച ചെയ്യുമ്പോൾ അവ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാതിരിക്കില്ല. ഇസ്‌റാഈലിന് അമേരിക്ക നൽകുന്ന പിന്തുണയിൽ രാജ്യത്തെ വിദ്യാർഥി, യുവജന സമൂഹവും മുസ്‌ലിംകളും പ്രതിഷേധത്തിലാണ്. രണ്ട് തിന്മകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ തങ്ങൾ ആരുടെ പക്ഷത്ത് നിൽക്കണമെന്ന ചോദ്യമാണ് അവരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
പ്രസിഡന്റ്തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനാണ്. പ്രസിഡന്റിനോടൊപ്പം സെനറ്റ് അംഗങ്ങളെയും അന്ന് തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളായി ഇരുപാർട്ടികളും ഉയർത്തിക്കാട്ടുന്നത് രാജ്യത്തെ സമ്പദ്്്വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, ദേശീയ സുരക്ഷ, സാമൂഹിക നീതി എന്നിവയാണെങ്കിലും ഇസ്‌റാഈലിനോടുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ ചങ്ങാത്തത്തിനെതിരെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ളവരുടെ വികാരവും സമാന്തരമായി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. കമലയുടെയും ട്രംപിന്റെയും പ്രതിനിധികൾ മുസ്‌ലിം സംഘടനകളുമായി ബന്ധപ്പെടുന്നത് അതറിഞ്ഞാണ്. കമലാ ഹാരിസ് കഴിഞ്ഞ ദിവസം മിഷിഗണിലെ അറബ് അമേരിക്കൻ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഗസ്സക്കെതിരെ ഇസ്‌റാഈൽ നടത്തുന്ന ആക്രമണത്തിൽ തനിക്കുള്ള വിയോജിപ്പ് മുസ്‌ലിം നേതാക്കളെ കമല അറിയിച്ചതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ട്രംപിനു വേണ്ടി മുസ്‌ലിം നേതാക്കളുമായി ബന്ധപ്പെട്ടത് വൈസ് പ്രസിഡന്റ്സ്ഥാനാർഥി ജെ ഡി വാൻസിയായിരുന്നു. ട്രംപിന്റെ ഭരണകാലത്ത് ചില മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്ക സന്ദർശനാനുമതി നിഷേധിച്ചിരുന്നു. മുസ്‌ലിംകളെ ബാധിക്കുന്ന അത്തരം തീരുമാനങ്ങൾ ട്രംപിന്റെ ഭാഗത്തു നിന്ന് ഇനിയുണ്ടാകില്ലെന്ന് വാൻസി മുസ്‌ലിം നേതാക്കൾക്കു ഉറപ്പ് നൽകിയിട്ടുണ്ട്. ഇസ്‌റാഈലിന് അമേരിക്ക ആയുധങ്ങൾ നൽകുന്നത് നിർത്തിവെക്കണമെന്ന മുസ്‌ലിം സംഘടനകളുടെ പ്രധാധ ആവശ്യത്തിൽ ഇരുസ്ഥാനാർഥികളും മൗനം തുടരുകയാണ്. അത്രമേൽ ശക്തമാണ് ഇസ്‌റാഈൽ ലോബിയുടെ സ്വാധീനം. യു എസിലെ ഒരു നേതാവും ഇസ്‌റാഈലിനെ തള്ളിപ്പറയില്ല.
ഡെമോക്രാറ്റിക് പാർട്ടിയും റിപബ്ലിക്കൻ പാർട്ടിയും ഇസ്‌റാഈലിനോടുള്ള പ്രഖ്യാപിത നിലപാടിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്‌ലിം ഗ്രൂപ്പുകളും വ്യക്തികളും രംഗത്ത് വരുന്നുണ്ട്. അതിൽ ഏകരൂപമൊന്നുമില്ല താനും. കഴിഞ്ഞ മാസം ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മിഷിഗണിലെ ഹാംട്രാംക് മേയർ അമീർ ഗാലിബ് അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയുണ്ടായി. അമീർ ഗാലിബ് അമേരിക്കയിലെ ഏക മുസ്‌ലിം മേയറാണ്. ലോക മഹായുദ്ധത്തിനുള്ള സാധ്യത നിലനിൽക്കെ അത് തടയാൻ ട്രംപിനു മാത്രമേ സാധിക്കുകയുള്ളൂവെന്നും അതിനാൽ ട്രംപ് ജയിക്കണമെന്നുമാണ് അമീർ ഗാലിബ് വാദിക്കുന്നത്. ട്രംപിനോട് പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാൽ, പ്രബല മുസ്‌ലിം ഗ്രൂപ്പുകളും പണ്ഡിതരും ഇമാമുമാരും കമലാ ഹാരിസിനും ഡൊണാൾഡ് ട്രംപിനുമെതിരെ രംഗത്തുണ്ട്. മൂന്നാം കക്ഷി സ്ഥാനാർഥികളായ ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റെയ്നോ, സ്വതന്ത്ര സ്ഥാനാർഥി കോർണൽ വെസ്റ്റിനോ വോട്ട് നൽകാനാണ് അവർ ആവശ്യപ്പെടുന്നത്. ഇരുവരും ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇടത് അനുഭാവിയായ ചേസ് ഒലീവറും മത്സര രംഗത്തുണ്ട്.

ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ പിന്തുണക്കില്ലെന്ന് അമേരിക്കൻ മുസ്‌ലിം സംഘടനകളുടെ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സഖ്യം ഏഷ്യ, ആഫ്രിക്ക, അറബ് രാജ്യങ്ങളിൽ വേരുകളുള്ള മുസ്‌ലിംകളുടെ കൂട്ടായ്മയാണ്. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്്ലാമിക് റിലേഷൻസിന്റെ റിപോർട്ടിൽ പറയുന്നത് അരിസോണ, മിഷിഗൺ, വിസ്‌കോൺസിൻ എന്നീ സംസ്ഥാനങ്ങളിലെ മുസ്‌ലിംകൾ ഗ്രീൻ പാർട്ടി സ്ഥാനാർഥി സ്റ്റെയിനെ പിന്തുണക്കുമെന്നാണ്.
യു എസിലെ ഏറ്റവും വലിയ മുസ്്ലിം അഭിഭാഷക ഗ്രൂപ്പായ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്്ലാമിക് റിലേഷൻസിന്റെ പഠനം സൂചിപ്പിക്കുന്നത് കമലാ ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിലുള്ള മത്സരത്തിൽ അമേരിക്കയിലെ മുസ്്ലിം വോട്ടുകൾ നിർണായകമായിരിക്കുമെന്നാണ്. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ ആറ് സ്വിംഗ് സംസ്ഥാനങ്ങളിലാണ് മുസ്‌ലിം വോട്ടുകൾ കൂടുതലുള്ളത്. ഈ സംസ്ഥാനങ്ങളിലെ മുസ്‌ലിം വോട്ടർമാർക്കിടയിൽ സി എ ഐ ആർ നടത്തിയ സർവേയിൽ നല്ലൊരു ശതമാനം വോട്ടർമാർ ഡെമോക്രാറ്റിക് ചായ്്വുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മുസ്‌ലിം പിന്തുണയുടെ കാര്യത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും ഗ്രീൻ പാർട്ടി സ്ഥാനാർഥി ജിൽ സ്റ്റെയിനും തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. നാൽപ്പതിനായിരം പേർ സർവേയുമായി സഹകരിക്കുകയുണ്ടായി. ട്രംപ് പ്രകടമായ ഇസ്‌റാഈൽ അനുകൂലിയാണെന്നും കുടിയേറ്റ വിരുദ്ധനാണെന്നും മുൻ ഭരണകാലത്ത് ട്രംപ് മുസ്‌ലിംവിരുദ്ധത പ്രകടമാക്കിയതായും സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ഇസ്‌റാഈൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിന് യു എസ് പിന്തുണ തുടരുന്ന സാഹചര്യത്തിൽ നിലവിലെ വൈസ് പ്രസിഡന്റായ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ പിന്തുണക്കുന്നതിൽ നിന്ന് മുസ്‌ലിം വോട്ടർമാർ മാറിനിൽക്കണമെന്ന് അമേരിക്കയിലെ ഒരുകൂട്ടം മുസ്‌ലിം പണ്ഡിതന്മാരും ഇമാമുമാരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റെയിൻ ഉൾപ്പെടെയുള്ള ഏതെങ്കിലും മൂന്നാം കക്ഷി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നാണ് അവരുടെ ആഹ്വാനം. വോട്ടെടുപ്പിൽ നിന്ന് മാറിനിൽക്കുന്നത് തങ്ങളുടെ അവകാശം വിനിയോഗിക്കുന്നതിൽ നിന്നുള്ള ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ട് ട്രംപിനെയും കമലയെയും മാറ്റിനിർത്തി ജയസാധ്യത ഇല്ലെന്നറിഞ്ഞിട്ടും മുസ്‌ലിംകൾ മൂന്നാം കക്ഷിക്ക് വോട്ട് ചെയ്യുന്നത് പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്താൻ ഉപകരിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.

Latest