National
കണ്ണില്ലാത്ത ക്രൂരതക്ക് അറുതിയില്ല; യുപിയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മര്‍ദനം
എന്നാല്‍ വാഹനത്തില്‍ പശുക്കളോ ഗോമാംസമോ കടത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു

മഥുര | ഉത്തര്‍പ്രദേശിലെ മഥുരയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് ക്രൂരമര്‍ദനം. അറവുമാലിന്യങ്ങള്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറെ ഗോസംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. എന്നാല്‍ വാഹനത്തില്‍ പശുക്കളോ ഗോമാംസമോ കടത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ 16 പേര്‍ക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു. ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഞായറാഴ്ച രാത്രി മഥുരയിലെ റാല്‍ ഗ്രാമത്തിലാണ് സംഭവം. അറവുമാലിന്യങ്ങളുമായി ഹത്രാസിലെ സിക്കന്ദറുവിലേക്ക് പോകുകയായിരുന്നു മുഹമ്മദ് ആസിഫ്. ഒപ്പം മറ്റ് രണ്ട് പേരുമുണ്ടായിരുന്ന.രാത്രി എട്ടോടെ റാല്‍ ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ ജനക്കൂട്ടം അക്രമിക്കുകയായിരുന്നു.
പശുവിറച്ചിയും കന്നുകാലിക്കടത്തും ആരോപിച്ചായിരുന്നു മര്‍ദനം. അതേ സമയം അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന്റെ ഭാഗമാണ് മുഹമ്മദ് പോയതെന്ന് പോലീസ് അറിയിച്ചു. മര്‍ദനത്തില്‍ പരുക്കേറ്റ മുഹമ്മദ് ആസിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു