Connect with us

Ongoing News

നോര്‍ത്ത് ഈസ്റ്റിനെതിരെ ബെസ്റ്റാകണം; ബ്ലാസ്റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് മത്സരം വൈകിട്ട് 7.30ന്

തുടർച്ചയായി രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലാണ്

Published

|

Last Updated

കൊച്ചി | തുടര്‍ച്ചയായ മൂന്നാം ജയം നേടണം. അതുവഴി പോയിന്റ് പട്ടികയില്‍ മുന്നേറണം. ഐ എസ് എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിനു മുന്നില്‍ ഈ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. വൈകിട്ട് 7.30ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
ഈ വര്‍ഷം രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലാണ്. അവസാന മത്സരങ്ങളില്‍ പഞ്ചാബിനെയും ഒഡിഷയെയുമാണ് തോല്‍പ്പിച്ചത്. 2022-23 സീസണിനു ശേഷം ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചിട്ടില്ല. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ഒന്പതാം സ്ഥാനത്താണ് ടീം. ജയിച്ചാല്‍ ഏഴാം സ്ഥാനത്തേക്കുയരാനാകും. അതേസമയം, മലയാളി താരങ്ങളുടെ സാന്നിധ്യമുള്ള വടക്കുകിഴക്കന്‍ ടീം 24 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. ഗുവാഹത്തിയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സമനിലയായിരുന്നു ഫലം.

2023 നവംബറിനു ശേഷം ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ ജയിച്ച ബ്ലാസ്റ്റേഴ്‌സ് ഏറെ ആത്മവിശ്വാസത്തോടെയാണ് ഇന്നിറങ്ങുന്നത്. ഒഡിഷക്കെതിരെ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ അധ്വാനിച്ച് കളിക്കുന്നതും മുന്‍നിരയും പ്രതിരോധവും മികവ് കാട്ടുന്നതും അനുകൂലമാണ്. കോറു സിംഗ് ആണ് കഴിഞ്ഞ മത്സരങ്ങളില്‍ ഏറെ മികവ് പുലര്‍ത്തിയ മറ്റൊരു താരം. പരുക്ക് മാറി തിരിച്ചെത്തിയ ഹെസ്യൂസ് ഹിമിനെസിന്റെ സാന്നിധ്യവും ടീമിന്റെ കരുത്ത് കൂട്ടിയിട്ടുണ്ട്. ഒഡിഷക്കെതിരെ പകരക്കാരനായി ഇറങ്ങി ഹെസ്യൂസ് ഗോള്‍ നേടിയിരുന്നു. ഇതിനകം പത്ത് ഗോളുകള്‍ അക്കൗണ്ടിലുണ്ട്. സസ്‌പെന്‍ഷനെ തുടര്‍ന്ന് കഴിഞ്ഞ കളി നഷ്ടമായ മിലോസ് ഡ്രിന്‍സിച്ചും തിരിച്ചെത്തും.

കൊച്ചിയില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് കഴിഞ്ഞിട്ടില്ല. പക്ഷേ, സീസണില്‍ മികച്ച ഫോമിലാണ് ടീം. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വടക്കുകിഴക്കന്‍ നിര തോല്‍വിയറിഞ്ഞിട്ടില്ല. ആറ് വീതം ജയവും സമനിലയും അക്കൗണ്ടിലുണ്ട്. തോറ്റത് നാല് കളികള്‍ മാത്രം. 16 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
മൊറോക്കന്‍ താരം അലാവുദ്ദീന്‍ അജറായി ആണ് ടീമിന്റെ കുന്തമുന. 16 മത്സരങ്ങളില്‍ നിന്നായി 15 ഗോളുകള്‍ നേടിയ താരം ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മുന്നിലാണ്. അഞ്ച് അസ്സിസ്റ്റുകളും നേടി. മലയാളി താരം എം എസ് ജിതിനും ഫോമിലാണ്. ടീം മികവ് തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഏറെ വിയര്‍ക്കേണ്ടി വരും.

 

Latest