Connect with us

National

കാമുകിയുമായി ഒരുമിച്ച് ജീവിക്കണം; ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

Published

|

Last Updated

ഹൈദരാബാദ് | കാമുകിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുവേണ്ടി ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹൈദരാബാദില്‍ സ്വകാര്യ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ആയ ബോഡ പ്രവീണ്‍ ആണ് അറസ്റ്റിലായത്. 29കാരിയായ ഭാര്യ കുമാരിയെയും അഞ്ചും മൂന്നും വയസുള്ള മക്കളെയുമാണ് പ്രവീണ്‍ കൊലപ്പെടുത്തിയത്.

അപകടമരണമാണ് എന്ന് വരുത്തി തീര്‍ത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സംഭവം കഴിഞ്ഞ് 45 ദിവസത്തിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകിയുടെ നിര്‍ദേശപ്രകാരമാണ് പ്രവീണ്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം  ഭാര്യയുടെയും മക്കളുടെയും മരണം അപകടമരണമാണെന്ന്  വരുത്തി തീര്‍ക്കാന്‍  ഇയാള്‍ നിസാര പരുക്കിന് ചികിത്സ തേടുകയും ചെയ്തിരുന്നു. കുമാരിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ സൂചിയുടെ പാടാണ് അന്വേഷണത്തില്‍ വഴിത്തിരിവായി മാറിയത്. മരണത്തില്‍ സംശയം തോന്നിയ പോലീസ് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിന് കാത്തിരുന്നു.തുടര്‍ന്ന് ഫലം വന്നതിനു പിന്നാലെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുമാരിയുടെയും കുട്ടികളുടെയും ശരീരത്തില്‍ അപകടത്തില്‍ മുറിവേറ്റതായുള്ള മറ്റ് പാടുകള്‍ ഉണ്ടായിരുന്നില്ല. ഇതാണ് മരണം അപകടമരണമല്ലെന്ന സംശയം പോലീസിന് വര്‍ധിക്കാന്‍ ഇടയായത്. തുടര്‍ന്ന് പ്രവീണിനെ ചോദ്യം ചെയ്തതോടെ മൊഴിയില്‍ പോലീസിന് സംശയം തോന്നി.സിറിഞ്ച് കാറില്‍ നിന്നും കണ്ടെത്തിയതും കേസില്‍ വഴിത്തിരിവായി മാറി. സംഭവശേഷം ഇയാള്‍ കാമുകിക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്രവീണ്‍ ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്.

 

Latest