From the print
ഇന്ന് മുതല്‍ മസ്റ്ററിംഗ്; മൂന്ന് ദിവസം റേഷന്‍ വിതരണമില്ല
കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെ വൈ സി മസ്റ്ററിംഗ് ഇന്ന് മുതല്‍ മൂന്ന് ദിവസം നടക്കും. കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ് വരെ റേഷന്‍ കടകള്‍ക്ക് സമീപമുള്ള അങ്കണ്‍വാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളിലാണ് ക്യാമ്പുകള്‍. സ്ഥലസൗകര്യമുള്ള റേഷന്‍കടകളിലും മസ്റ്ററിംഗ് നടത്തും. മസ്റ്ററിംഗ് നടക്കുന്ന ദിവസങ്ങളില്‍ റേഷന്‍ വിതരണമുണ്ടാകില്ലെന്ന് ഭക്ഷ്യ- പൊതു വിതരണ വകുപ്പ് അറിയിച്ചു.
അംഗങ്ങള്‍ റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്. ക്യാമ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്രമീകരണമുണ്ടാകും. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തണമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇ- കെ വൈ സി അപ്‌ഡേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. റേഷന്‍ കടകളിലെ ഇ- പോസ് മെഷീനുകളിലൂടെ മാത്രമേ മസ്റ്ററിംഗ് നടത്താന്‍ സാധിക്കൂ. അതിനാലാണ് റേഷന്‍ വിതരണം നിര്‍ത്തിവെക്കുന്നത്.
ഇപ്പോള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം സൗകര്യമൊരുക്കും. മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും ഏത് റേഷന്‍ കടയിലും മസ്റ്ററിംഗ് നടത്താവുന്നതാണ്. കിടപ്പുരോഗികള്‍ക്കും സ്ഥലത്തില്ലാത്തവര്‍ക്കും ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും മസ്റ്ററിംഗിന് പിന്നീട് അവസരമുണ്ടാകും.