Connect with us

Articles

മുത്ത് നബി നമ്മുടേത് മാത്രമല്ല

ഒരാള്‍ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും പ്രവാചകനെ വായിച്ചു നോക്കണം

Published

|

Last Updated

നബി(സ)യോട് സ്‌നേഹമുണ്ടാകുകയെന്നാല്‍ നമ്മുടെ ജീവിതത്തില്‍ നബിയുണ്ടാകുക എന്നതാണ്. അതുപോലെ ആ നബിയെ മറ്റുള്ളവരിലേക്ക് എത്തിക്കുകയെന്നതും. റബീഇന്‍ സംഗമങ്ങളില്‍ വീശിയടിക്കുന്ന ഊദിന്‍ സുഗന്ധം നമ്മുടെ മതില്‍ക്കെട്ടിനപ്പുറത്തേക്ക് കൂടി പരക്കട്ടെ. ആരാണീ പ്രവാചകനെന്നും പ്രവാചകന്റെ നിയോഗം എന്തിനായിരുന്നുവെന്നും എന്താണ് ആ പ്രവാചകന്‍ ജീവിച്ചു കാണിച്ചു തന്നതെന്നും അറിയാത്ത ഭൂരിപക്ഷം നമ്മുടെ ചുറ്റുവട്ടത്ത് ജീവിക്കുകയാണ്. അവരിലേക്ക് ഈ പ്രവാചകനെ അറിയിക്കാനുള്ള ബാധ്യത നമുക്കല്ലെങ്കില്‍ പിന്നെയാര്‍ക്കാണ്? റബീഇന്‍ ദിനങ്ങളില്‍ ഇശ്ഖിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, മൗലിദുകളില്‍ പങ്കെടുത്ത് പുണ്യം നേടുമ്പോള്‍ ‘സര്‍വ ലോകങ്ങള്‍ക്കും അനുഗ്രഹമായി നിയോഗിതരായ’ മുത്ത് നബിയെ നമ്മിലേക്ക് മാത്രം ചേര്‍ത്തുപിടിച്ചാല്‍ മതിയോ? മുഹമ്മദ് നബി(സ) മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട പ്രവാചകനല്ല. ലോകത്ത് എല്ലാ മനുഷ്യരിലേക്കും പ്രവാചകന്റെ മഹനീയ സന്ദേശം നീളുന്നുണ്ട്.

ഒരാള്‍ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും പ്രവാചകനെ വായിച്ചു നോക്കണം. അപ്പോളറിയും ഈ പ്രവാചകന്‍ ലോകത്ത് നീതിയും കാരുണ്യവും സമാധാനവും സത്യവും പ്രവഹിപ്പിക്കാന്‍ വന്ന നബിയാണെന്ന്. മുഹമ്മദ് നബി(സ) മാതൃകായോഗ്യനായ പ്രബോധകനും വിശ്വാസികളുടെ ആദരണീയനായ നേതാവുമായിരുന്നു. ഉത്തമനായ ഭരണാധികാരിയും സൈന്യാധിപനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അവിടുന്ന്. സ്വകാര്യജീവിതം ലളിതപൂര്‍ണമായിരുന്നു. സാധാരണക്കാരുടെ വസ്ത്രം ധരിച്ചു. ഈത്തപ്പനയുടെ ഓലകൊണ്ട് പണിത പായയില്‍ കിടന്നുറങ്ങി. ചെരുപ്പുകള്‍ സ്വയം തുന്നി. അടുക്കളയില്‍ സഹധര്‍മിണിയെ സഹായിച്ചു. വെള്ളം കോരി, പാല്‍ കറന്നു, പാചകം ചെയ്യാന്‍ തീ കത്തിച്ചു. മദീനാ പട്ടണം സമൃദ്ധിയുടെ വിളനിലമായിരുന്നിട്ടും മാസങ്ങളോളം വെള്ളവും ഈത്തപ്പഴവും മാത്രം കഴിച്ച് അടുപ്പില്‍ തീകൂട്ടാതെ അവിടുത്തെ കുടുംബം കഴിഞ്ഞുകൂടി. മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രം കീറിയതും തുന്നിച്ചേര്‍ത്തതുമായിരുന്നു. രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അംഗരക്ഷകനോ കാലാള്‍പ്പടയോ കൊട്ടാരമോ നിശ്ചിത വേതനമോ ഇല്ലാത്ത ഭരണാധികാരിയായിരുന്നു മുഹമ്മദ് നബി(സ). ഖുര്‍ആന്റെ ചലിക്കുന്ന പ്രായോഗിക രൂപമായിരുന്നു അവിടുന്ന്.
സമാധാന ജീവിതം അസാധ്യമായ ഘട്ടത്തിലായിരുന്നു സത്യവിശ്വാസികള്‍ ആത്മരക്ഷാര്‍ഥം യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായത്. യുദ്ധക്കളത്തില്‍ പോലും അവിടുന്ന് തന്റെ അനുയായികളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചു. പരിശീലിപ്പിച്ചു. യുദ്ധത്തില്‍ നിരായുധരെ, സ്ത്രീകളെ, കുട്ടികളെ ഉപദ്രവിക്കരുത്, കൃഷിയിടങ്ങള്‍, ഫലവൃക്ഷങ്ങള്‍ മുതലായവ നശിപ്പിക്കരുത് എന്നെല്ലാം അദ്ദേഹം യോദ്ധാക്കള്‍ക്ക് നിര്‍ദേശം നല്‍കി. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് മാന്യമായ പദവി നല്‍കി. സ്ത്രീകള്‍ പീഡനം അനുഭവിക്കാന്‍ സാധ്യതയുള്ള എല്ലാ പഴുതുകളും അടച്ചു. “സ്ത്രീകള്‍ മനുഷ്യ സമൂഹത്തിന്റെ അര്‍ധാംശമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭ്യമാകുന്നു എന്ന് നിങ്ങള്‍ ഉറപ്പുവരുത്തുക’ നബി(സ) പറഞ്ഞു.

ഏറ്റവും മനോഹരമായ ജീവിതം ലോകത്തിന് കാണിച്ചു കൊടുത്ത ഒരു മഹാത്മാവ്. അങ്ങനെയൊരു ലോകം കെട്ടിപ്പടുത്ത ഒരു പരിഷ്‌കര്‍ത്താവ്, സമാധാനപൂര്‍ണമായ ഒരു ഭരണക്രമത്തിന് രൂപം കൊടുത്ത ഭരണാധികാരി… ഈ പ്രവാചകന്‍ ലോകത്തിനാകമാനമുള്ള അനുഗ്രഹമാണെന്ന് ബോധ്യപ്പെടുത്താനുള്ള പ്രവര്‍ത്തനമാകട്ടെ നമ്മുടെ നബിദിന പരിപാടികള്‍.

Latest