Kerala
സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന അജ്ഞതകൊണ്ട്: വി ഡി സതീശന്‍
സനാതന ധര്‍മ്മം നമ്മുടെ പാരമ്പര്യമാണ്
പത്തനംതിട്ട | സനാതന ധര്‍മ്മം അശ്ലീലമാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന അജ്ഞതകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സനാതന ധര്‍മ്മം എന്ന സാംസ്‌കാരിക പൈതൃകത്തെ സംഘ്പരിവാറിന്റെ പറമ്പില്‍ കൊണ്ടു പോയി കെട്ടാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണ് ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങളെന്നും പ്രതിപക്ഷ നേതാവ് റാന്നി വാകത്താനത്ത് മാധ്യമങ്ങളോട് പറഞ്ഞു. സനാതന ധര്‍മ്മം നമ്മുടെ പാരമ്പര്യമാണ്. പിന്നീട് വന്ന ചാതുര്‍വര്‍ണ്യത്തോടും വര്‍ണവ്യവസ്ഥയോടും മനുസ്മൃതിയോടും യോജിക്കാനാകില്ല. എല്ലാ മതങ്ങളിലും ആദ്യം ഉണ്ടായതിനെ പൗരോഹിത്യവും രാജഭരണവും ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അതാണ് സനാതന ധര്‍മ്മം എന്നു പറയുന്നത്. സനാതന ധര്‍മ്മത്തെ സംഘ്പരിവാറിന്റേതാക്കി മാറ്റുകയാണ് മുഖ്യമന്ത്രിയും സി പി എമ്മും ചെയ്യുന്നത്.
കാലാനുസൃതമായ മാറ്റങ്ങള്‍ അചാരാനുഷ്ഠാനങ്ങളില്‍ വരുത്തണമോയെന്ന് അതത് സമുദായങ്ങള്‍ തീരുമാനിക്കണം. ഏത് സമുദായത്തിലും ഉണ്ടാകേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ആ സമുദായത്തില്‍ ചര്‍ച്ചയാകാം. അക്കാര്യത്തില്‍ പൊതുചര്‍ച്ചയുടെ ആവശ്യമില്ല. പൊതുചര്‍ച്ച നടത്താന്‍ പറ്റിയ അന്തരീക്ഷമല്ല നമ്മുടെ നാട്ടില്‍. കാവി ഉടുക്കുന്നവനും ചന്ദനം തൊടുന്നവനും ആര്‍ എസ് എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. അതുപോലെയാണ് സനാതന മൂല്യത്തെ കുറിച്ചും പറയുന്നത്.
രമേശ് ചെന്നിത്തല മുനമ്പത്ത് പോയതില്‍ എന്താണ് തെറ്റ്. അദ്ദേഹം അവിടെ പോയി പറയാനുള്ളത് പറഞ്ഞു. എല്ലാവരുമായും നല്ല ബന്ധം സ്ഥാപിക്കണമെന്നാണ് എല്ലാ നേതാക്കള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എല്ലാവരെയും ക്ഷണിക്കും. മാര്‍ത്തോമസഭയുടെ കീഴിലുള്ള ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇപ്പോള്‍ റാന്നിയില്‍ എത്തിയത്. നാളെ കോട്ടയത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ ഭദ്രാസന ദിനമാണ്. പുതുപ്പള്ളി പള്ളിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ എന്‍ എസ് എസ് പരിപാടിക്ക് ക്ഷണിച്ചു. നിരവധി നേതാക്കള്‍ ഇത്തരത്തില്‍ പരിപാടികള്‍ക്ക് പോകുന്നുണ്ട്. ഇതൊക്കെ നല്ല കാര്യമല്ലേ?.
പി വി അന്‍വര്‍ യു ഡി എഫിലേക്കെന്ന് ഒരു മാധ്യമം വാര്‍ത്ത കൊടുത്തു. അന്‍വര്‍ നയിക്കുന്ന യാത്രയില്‍ ഡി സി സി അധ്യക്ഷന്‍മാരും ലീഗ് നേതാക്കളും പങ്കെടുക്കുമെന്ന് പറഞ്ഞു. യു ഡി എഫ് ചെയര്‍മാനായ ഞാന്‍ അറിഞ്ഞില്ല. യു ഡി എഫ് ചെയര്‍മാനായ ഞാന്‍ അറിയാതെ മാധ്യമങ്ങളാണ് അന്‍വറിനെ മുന്നണിയില്‍ എടുത്തത്.
എക്‌സൈസ് കേസ് എടുത്തതിന്റെ പേരില്‍ ഞങ്ങള്‍ ആരും എം എല്‍ എയെ ആക്രമിക്കാന്‍ പോയില്ല. നാട്ടില്‍ ലഹരി ഉപയോഗം കൂടി വരികയാണ്..എല്ലാ കുടുംബങ്ങളിലെയും കുട്ടികളെ സൂക്ഷിക്കേണ്ട കാലമാണ്. ആരെങ്കെലും ഏതെങ്കിലും കൂട്ടത്തില്‍ പെട്ടുപോയതിന് മാതാപിതാക്കളെ എന്തിനാണ് പറയുന്നത്. പക്ഷെ ഇതൊന്നും ന്യായികരിക്കേണ്ട കാര്യങ്ങളല്ല.
സജി ചെറിയാന്‍ എല്ലായിപ്പോഴും വഴിവിട്ട് സംസാരിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഒന്നിലും നിയന്ത്രണമില്ല. ഇരിക്കുന്ന സ്ഥാനത്തെ മറക്കരുത്. കഴിഞ്ഞ തവണ പ്രതിഷേധിച്ചതിന്റെ പേരില്‍ കായിക മേളയില്‍ രണ്ട് സ്‌കൂളുകളെ പങ്കെടുപ്പിക്കില്ലെന്നു തീരുമാനിക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.