Kerala
കോൺഗ്രസ് - ബി ജെ പി അതിർവരമ്പ് ഇല്ലാതായെന്ന് എം വി ഗോവിന്ദൻ
രാത്രി ആർഎസ്എസും പകൽ കോൺഗ്രസും ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ ശിരസാ വഹിച്ചച്ചെന്നും പകലും രാത്രിയും ബിജെപി ആയി പ്രവർത്തിക്കാൻ അനിൽ ആന്റണി തീരുമാനിച്ചെന്നും അദ്ദേഹം
തിരുവനന്തപുരം | കോൺഗ്രസുകാർക്ക് ബിജെപിയിൽ ചേരുന്നതിനുള്ള അതിർവരമ്പുകൾ ഇല്ലാതായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാത്രി ആർഎസ്എസും പകൽ കോൺഗ്രസും ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ ശിരസാ വഹിച്ചച്ചെന്നും പകലും രാത്രിയും ബിജെപി ആയി പ്രവർത്തിക്കാൻ അനിൽ ആന്റണി തീരുമാനിച്ചെന്നും അദ്ദേഹം പരിഹസിച്ചു.
നിലപാടുകൾ ഒന്നായതു കൊണ്ടാണ് കോൺഗ്രസുകാർക്ക് എളുപ്പത്തിൽ ബി ജെ പിയിൽ ചേരാൻ കഴിയുന്നത്. ഏതു സമയത്തും ചേക്കേറാനുള്ള കവാടം ബിജെപി തുറന്നുവെച്ചിരിക്കുകയാണ്. ചേക്കേറാൻ തയ്യാറാണെന്ന് കോൺഗ്രസുകാരും പറയുന്നു. കോൺഗ്രസിന് അധമ സംസ്‌കാരമാണെന്നാണ് അനിൽ ആന്റണി പറഞ്ഞത്. രാഹുൽ ഗാന്ധിക്കെതിരെയും അനിൽ ആന്റണി വിമർശനം ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞില്ല. ആർഎസ്എസിനെതിരെയും ഇവർ ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് ഇങ്ങനെ നിലപാട് സ്വീകരിക്കുന്നതെന്ന് കോൺഗ്രസുകാർ തന്നെ സംശയിക്കുന്നു.
വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞ ആളെയാണ് കെപിസിസി പ്രസിഡന്റാക്കിയത്. നെഹ്‌റു ആർഎസ്എസുമായി സന്ധി ചെയ്‌തെന്ന് പറഞ്ഞ ആളാണ് കെ സുധാകരൻ. ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ വീണ്ടെടുക്കുന്നതിനും ഉള്ള കോൺഗ്രസിന്റെ പരിമിതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.