Kerala
മോദി അമേരിക്കന്‍ പ്രസിഡൻ്റിൻ്റെ ദാസനായെന്ന് എം വി ഗോവിന്ദന്‍
ഇന്ത്യക്കാരെ തിരിച്ചയക്കുമെന്ന് പറഞ്ഞപ്പോള്‍ മോദി അടിമതുല്യമായ മൗനം പാലിച്ചു
![](https://assets.sirajlive.com/2023/02/mv-govindan-master-cpm.jpg)
തൊടുപുഴ | നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റിന് മുന്നിലെ വിനീതദാസനായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാരെ തിരിച്ചയക്കുമെന്ന് പറഞ്ഞപ്പോള്‍ അടിമതുല്യമായ മൗനം പാലിക്കുകയായിരുന്നു മോദി. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ ശിരസാണ് കുനിഞ്ഞത്. ചെറിയ രാജ്യമായ മെക്സിക്കോ പോലും ട്രംപിനെതിരെ നിലപാടെടുത്തു. ട്രംപ് അധികാരമേറ്റതോടെ ആദ്യം അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു. മുതലാളിത്ത പ്രതിസന്ധി വര്‍ധിക്കുകയാണ്. തീവ്ര വലതുപക്ഷം ലോകത്ത് മുന്നേറുന്ന കാലമാണ്. ട്രംപും മോദിയുമെല്ലാം അതിന്റെ ഭാഗമാണ്.
അംബേദ്കര്‍ എന്ന് കേള്‍ക്കുമ്പോള്‍ അമിത്ഷാക്ക് പുച്ഛമാണ്. ഇത് ഭരണഘടനയോടുള്ള വിരോധമാണ്. ബ്രാഹ്മണ ധര്‍മത്തെയാണ് സനാതന ധര്‍മമായി പ്രചരിപ്പിക്കുന്നത്. എല്ലാം ഒരു കേന്ദ്രത്തിലേക്കെന്നുള്ളത് ആര്‍ എസ് എസ് പ്രത്യയ ശാസ്ത്രമാണ്. ഇതിന്റെ ഭാഗമാണ് ഏക സിവില്‍ കോഡ്.
വീടുവച്ചുതാമസിക്കുന്ന ഒരു പാവപ്പെട്ടവനെയും കേരളത്തില്‍നിന്നോ ഇടുക്കിയുടെ മണ്ണില്‍നിന്നോ ഒഴിപ്പിക്കില്ല. കൈയേറ്റക്കാരെ കണ്ടെത്തും, കൈവശക്കാരെ സംരക്ഷിക്കും. അവര്‍ക്ക് പട്ടയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കും. ഭൂപതിവ് നിയമത്തിന്റെ ചട്ടം നിര്‍മാണം വേഗത്തിലാക്കും. എഐ ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം സ്വകാര്യ മേഖലയിലാണ്. ഉത്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത സമൂഹത്തില്‍ കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും കൈകളിലാണെത്തുക. വലിയ പോരാട്ടങ്ങള്‍ക്ക്, സമരങ്ങള്‍ക്ക്, തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് അത് ആധാരമാകുമെന്നതില്‍ സംശയമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.