Kerala
നവകേരള നയരേഖക്ക് വന്‍ സ്വീകാര്യതയെന്ന് എം വി ഗോവിന്ദന്‍
വിഭവ സമാഹരണം ഏകപക്ഷീയമാകില്ല

കൊല്ലം | സി പി എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള നയരേഖക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍. വിഭവ സമാഹരണ നീക്കം സ്വാഗതാര്‍ഹമാണ്. പുതിയ നിര്‍ദേശങ്ങള്‍ ആത്മവിശ്വാസമേകിയെന്നും സമ്മേളന നഗരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.
നവകേരള നയരേഖ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കും. നവകേരള നിര്‍മാണമെന്ന ലക്ഷ്യം ബഹുഭൂരിപക്ഷവും പൂര്‍ത്തീകരിച്ചു. വിഭവ സമാഹരണം എങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. കേന്ദ്രം കേരളത്തിന് സഹായം നിഷേധിക്കുന്ന സാഹചര്യത്തിലാണ് വിഭവ സമാഹരണമെന്ന തീരുമാനത്തിലേക്കെത്തിയത്. ഇതൊരിക്കലും ഏകപക്ഷീയ തീരുമാനമാകില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഭവ സമാഹരണത്തിന് നിരവധിയായ വഴി കണ്ടെത്തും. പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ മേഖല എന്നിവക്ക് ഊന്നല്‍ നല്‍കിയാൽ ഫലപ്രദമായി ഇവയെ വിനിയോഗിക്കാന്‍ സാധിക്കും. സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ ചില മാധ്യമങ്ങള്‍ വക്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.