Kerala
നവീന്‍ ബാബുവിന്റെ മരണ കാരണം ദിവ്യയുടെ പരാമര്‍ശം തന്നെയെന്ന് എം വി ജയരാജന്‍
ദിവ്യക്കെതിരെയെടുത്ത സംഘടനാ നടപടി സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു
കണ്ണൂര്‍ | എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ദിവ്യയുടെ പരാമര്‍ശം തന്നെയാണെന്ന് എം വി ജയരാജന്‍. സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ജയരാജന്റെ പരാമര്‍ശം.
എ ഡി എമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമെന്നത് സത്യമാണ്. അതുകൊണ്ടാണ് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാര്‍ട്ടിക്കുള്ളതെന്നും എം വി ജയരാജന്‍ വിശദീകരിച്ചു.
പി പി ദിവ്യക്കെതിരെയെടുത്ത സംഘടനാ നടപടി ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ദിവ്യയാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന് ഒക്ടോബര്‍ 15ന് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.