Kerala
കണ്ണൂരില്‍ നടക്കുന്ന എം വി ആര്‍ ഒമ്പതാം ചരമവാര്‍ഷികം; പി കെ കുഞ്ഞാലിക്കുട്ടി പിന്‍മാറി
ഇടതുപക്ഷ വേദിയില്‍ താന്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം
കോഴിക്കോട് | കണ്ണൂരില്‍ നടക്കുന്ന എം വി ആര്‍ ഒമ്പതാം ചരമവാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കില്ലെന്നു മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എം വി ആറിന്റെ മകന്‍ നികേഷ്‌കുമാറാണ് തന്നെ പരിപാടിയിലേക്കു ക്ഷണിച്ചത്. എന്നാല്‍ ഇടതുപക്ഷ വേദിയില്‍ താന്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് പരിപാടിയില്‍ നിന്നു പിന്‍മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എം വി ആറിന്റെ പേരിലുള്ള പരിപാടി വിവാദമാക്കാന്‍ താല്‍പര്യമില്ല. തനിക്ക് എം വി ആറുമായിട്ടുള്ള അടുപ്പം വെച്ചാണു നികേഷിന്റെ ക്ഷണം സ്വീകരിച്ചത്. ഈ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
തന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുത്തിട്ടുണ്ട്. തനിക്കേറെ പ്രിയപ്പെട്ട എം വി ആറിന്റെ ഓര്‍മ ദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി പി എം അനുകൂല ട്രസ്റ്റിന്റെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ സി എം പി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്നാണു കുഞ്ഞാലിക്കുട്ടിയുടെ പിന്‍മാറ്റം എന്നും സൂചനയുണ്ട്. ഇന്ന് എം വി രാഘവന്റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറില്‍ മന്ത്രി വി എന്‍ വാസവന്‍, എം വി ജയരാജന്‍ എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടിയേയും ക്ഷണിച്ചിരുന്നത്.