Connect with us

Articles

എനിക്ക് പ്രിയപ്പെട്ട സയ്യിദര്‍

വിയോഗവാര്‍ത്ത കേട്ടത് മുതല്‍ ഒരുനോക്ക് കാണാന്‍ ഓടിയെത്തുന്ന മനുഷ്യരുടെ ആധിക്യം തങ്ങള്‍ ജാതി, മത ഭേദമന്യേ അനേകായിരങ്ങള്‍ക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു എന്നതിന്റെ തെളിവാണ്.

Published

|

Last Updated

പ്രാസ്ഥാനിക രംഗത്തെയും വ്യക്തി ജീവിതത്തിലെയും മാര്‍ഗദര്‍ശിയും ദീര്‍ഘകാലത്തെ സഹപ്രവര്‍ത്തകരുമായിരുന്ന ആദരണീയരായ താജുല്‍ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മകനെന്ന നിലയിലാണ് സയ്യിദ് ഫസല്‍ കോയമ്മ തങ്ങളെ ആദ്യം അടുത്തറിയുന്നത്. ഉള്ളാള്‍ തങ്ങളോടൊപ്പമുള്ള യാത്രകളിലും, ഉള്ളാളിലും മറ്റുമുള്ള ഒത്തിരിപ്പുകളിലും അദ്ദേഹം തന്റെ മകനെ കുറിച്ച് പങ്കുവെക്കാറുണ്ട്, കണ്ടുമുട്ടാറുമുണ്ട്. പ്രതിഭാധനനായ ഒരു മകനെ അവതരിപ്പിക്കുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയുമൊക്കെയാണ് ഈ പരിചയപ്പെടുത്തലുകള്‍. അത്തരം പരിചയങ്ങള്‍ ക്രമേണ ഞങ്ങള്‍ക്കിടയിലെ ആത്മബന്ധത്തിലേക്ക് വികസിച്ചു. ആത്മീയവും വൈജ്ഞാനികവുമായ കാര്യങ്ങള്‍ പങ്കുവെക്കുന്ന, വിശേഷങ്ങളും മറ്റും അറിയിക്കുന്ന സ്വതന്ത്രമായ ബന്ധം ഇതിനിടെ രൂപപ്പെട്ടെന്ന് പറയാം.

ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി അവിടെ തന്നെ മുദര്‍രിസായി സേവനം ചെയ്തിരുന്നതും പിന്നീട് കര്‍ണാടകയിലെ തന്നെ പുത്തൂരിനടുത്ത കുറത്തില്‍ ഖത്വീബായി സേവനമേറ്റെടുത്തതുമെല്ലാം ഇങ്ങനെ പിതാവില്‍ നിന്നും മകനില്‍ നിന്നുമൊക്കെയായി അറിഞ്ഞിരുന്നു. ഇബാദത്തിലും ആത്മീയ കാര്യങ്ങളിലും സജീവശ്രദ്ധയുള്ള മാതാപിതാക്കളുടെ സന്താനമെന്ന നിലയില്‍ ആത്മീയ വിഷയങ്ങളിലും, പിതാവിനെ കൂടാതെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്ലിയാര്‍, ഇമ്പിച്ചാലി മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതമഹത്തുക്കളുടെ ശിഷ്യന്‍ എന്ന നിലയില്‍ വൈജ്ഞാനിക വിഷയങ്ങളിലും ഇതിനകം ഫസല്‍ തങ്ങള്‍ സവിശേഷ താത്പര്യവും അവഗാഹവും നേടിയിട്ടുണ്ടായിരുന്നു.

താജുല്‍ ഉലമയുടെ വിയോഗ ശേഷമാണ് സുന്നി പ്രാസ്ഥാനിക രംഗത്തെ പൊതുമണ്ഡലത്തില്‍ സയ്യിദര്‍ സജീവമാകുന്നത്. ഉപ്പയുടെ വസ്വിയ്യത് പ്രകാരം ഉള്ളാളിലെയും പരിസര ജില്ലകളിലെയും ഖാസി സ്ഥാനം അലങ്കരിക്കുന്നതും ജാമിഅ സഅദിയ്യ, അല്‍ മഖര്‍, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെയും കേരളത്തിലെയും ഒട്ടനേകം ദീനി സ്ഥാപനങ്ങളുടെ നേതൃ പദവി തേടിയെത്തുന്നതും ഇതേ തുടര്‍ന്നാണ്. സമസ്ത കേന്ദ്ര മുശാവറ അംഗത്വവും കണ്ണൂര്‍ ജില്ലാ മുശാവറ പ്രസിഡന്റ് സ്ഥാനവുമെല്ലാം അദ്ദേഹത്തിന്റെ വൈജ്ഞാനിക സേവനവും നേതൃഗുണവും അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്. വിയോഗവാര്‍ത്ത കേട്ടത് മുതല്‍ ഒരുനോക്ക് കാണാന്‍ ഓടിയെത്തുന്ന മനുഷ്യരുടെ ആധിക്യം തങ്ങള്‍ ജാതി, മത ഭേദമന്യേ അനേകായിരങ്ങള്‍ക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു എന്നതിന്റെ തെളിവാണ്. കര്‍ണാടകയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലും പൊതുമണ്ഡലത്തിലും ഐക്യവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കുന്നതിലും ഖാസി എന്ന നിലയിലും പണ്ഡിതന്‍ എന്ന നിലയിലും കുറാ തങ്ങള്‍ നിര്‍വഹിച്ച ദൗത്യം ഏറെ വിലപ്പെട്ടതാണ്.

കേരളത്തിലെയും കര്‍ണാടകയിലെയും സുന്നി മുന്നേറ്റത്തില്‍ തങ്ങള്‍ വലിയ ആവേശം കാണിച്ചു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പദ്ധതികള്‍ക്കും പരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കുകയും ആത്മീയ കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് അഭയമാകുകയും ചെയ്തു. ക്ഷണിക്കപ്പെടുന്ന ദൂരെ ദിക്കുകളിലെ പരിപാടികളില്‍ പോലും പങ്കെടുക്കുകയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശം ആരെയും ഭയപ്പെടാതെ വിളംബരം ചെയ്യുകയുമുണ്ടായി. ആ സാന്നിധ്യവും സംസാരവും സാധാരണ പ്രവര്‍ത്തകര്‍ക്കും ബഹുജനങ്ങള്‍ക്കും വലിയ ആവേശവും ഊര്‍ജവും സമ്മാനിച്ചു.

താജുല്‍ ഉലമയുമായി വ്യക്തിപരമായി എനിക്കുണ്ടായിരുന്ന ബന്ധം വളരെ അടുത്തുനിന്ന് വീക്ഷിച്ച ഒരാള്‍ എന്ന നിലയില്‍ പിതാവിന്റെ വിയോഗ ശേഷം ആ അടുപ്പം കാത്തുസൂക്ഷിക്കാന്‍ കുറാ തങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഇടക്കിടെ സന്ദര്‍ശിച്ചും വൈജ്ഞാനികവും പ്രാസ്ഥാനികവും ആത്മീയവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും അത് ശക്തിപ്പെട്ടു. പിതാവിനോടെന്ന പോലെ ഉപദേശങ്ങള്‍ തേടുകയും വ്യക്തിപരവും അല്ലാത്തതുമായ എല്ലാ വിഷയങ്ങളും എന്നെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മര്‍കസില്‍ വെച്ചാണ് ഞങ്ങള്‍ അവസാനമായി നേരില്‍ കണ്ടത്. ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചും പ്രാര്‍ഥിച്ചുമാണ് തങ്ങള്‍ അന്ന് പോയത്. യാത്ര പറഞ്ഞിറങ്ങുന്നതിന് മുമ്പ് എന്റെ റൂമില്‍ വന്ന് പിതാവ് താജുല്‍ ഉലമയോടൊപ്പമുള്ള നല്ല ഓര്‍മകള്‍ പങ്കുവെക്കുകയും ശൈലികളിലും രീതികളിലും ഞങ്ങള്‍ക്കിടയിലെ സാമ്യങ്ങള്‍ സ്നേഹത്തോടെ പറയുകയുമുണ്ടായി.

ഉള്ളാള്‍ സയ്യിദ് മദനി ദര്‍ഗാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സയ്യിദ് മദനി ശരീഅത്ത് കോളജിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ഇന്നലെ (തിങ്കള്‍) വൈകിട്ട് തങ്ങളോടൊപ്പം പങ്കെടുക്കാനിരിക്കെയാണ് ഈ വിയോഗം ഉണ്ടായത് എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നു. അല്ലാഹു സയ്യിദരുടെ സത്കര്‍മങ്ങള്‍ സ്വീകരിക്കുകയും പരലോകജീവിതം സന്തോഷകരമാക്കുകയും ചെയ്യട്ടെ.

 

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി