International
മ്യാൻമർ ഭൂകമ്പം: മരണം ആയിരം കവിഞ്ഞു; സഹായ ഹസ്തവുമായി ലോകരാജ്യങ്ങൾ
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവീസിന്റെ (യുഎസ്ജിഎസ്) പ്രവചനമനുസരിച്ച് മ്യാൻമറിൽ മരണസംഖ്യ 10,000 കവിയാനും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂല്യത്തേക്കാൾ കൂടുതൽ നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ബാങ്കോക്ക് | തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മ്യാൻമറിൽ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണ സംഖ്യ ആയിരം കവിഞ്ഞു. മരണസംഖ്യ 1002 ആയി ഉയർന്നതായും 2376 പേർക്ക് പരിക്കേറ്റതായും മ്യാൻമറിലെ സൈനിക ഭരണകൂടം അറിയിച്ചു. ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിലേക്ക് അന്താരാഷ്ട്ര സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തകർ അതിജീവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവീസിന്റെ (യുഎസ്ജിഎസ്) പ്രവചനമനുസരിച്ച് മ്യാൻമറിൽ മരണസംഖ്യ 10,000 കവിയാനും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂല്യത്തേക്കാൾ കൂടുതൽ നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നതായി ഭരണകൂടം അറിയിച്ചു. ഇത് സാധാരണക്കാരുടെ ജീവഹാനിക്കും പരിക്കുകൾക്കും കാരണമായി. ദുരിതബാധിത പ്രദേശങ്ങളിൽ നിലവിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മ്യാൻമറിന് സഹായവും സംഭാവനകളും നൽകാൻ സൈനിക നേതാവ് ജനറൽ മിൻ ഓങ് ഹ്ലെയിങ് അഭ്യർഥിച്ചു.
ജീവൻ്റെ തുടിപ്പുകൾ കണ്ടെത്താനുള്ള ഉപകരണങ്ങളുമായി 37 അംഗ ചൈനീസ് സംഘം ശനിയാഴ്ച പുലർച്ചെ മ്യാൻമറിൻ്റെ മുൻ തലസ്ഥാനമായ യാങ്കോണിൽ ഇറങ്ങിയതായി ചൈനീസ് എംബസി അറിയിച്ചു. റഷ്യയും യുഎസും മ്യാൻമറിന് സഹായം വാഗ്ദാനം ചെയ്തു. ഡോക്ടർമാരും തിരച്ചിൽ നായ്ക്കളുമായി 120 പരിചയസമ്പന്നരായ രക്ഷാപ്രവർത്തകരെ അയയ്ക്കുമെന്ന് റഷ്യ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സംഭവിച്ച ഭൂകമ്പത്തിൽ അയൽരാജ്യമായ തായ്‌ലൻഡിലെ നൂറുകണക്കിന് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മ്യാന്‍മറിലേക്ക് ഇന്ത്യ 15 ടണ്ണോളം ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോയത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലായിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. പ്രഭവകേന്ദ്രത്തിൽ നിന്ന് 1,000 കിലോമീറ്റർ (620 മൈൽ) അകലെയുള്ള തായ് തലസ്ഥാനമായ ബാങ്കോക്കിൽ, തകർന്ന 33 നില ടവറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിർമ്മാണ തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ശക്തമാക്കി. ബാങ്കോക്കിൽ ഒമ്പത് പേർ മരിക്കുകയും 101 പേരെ കാണാതാവുകയും ചെയ്തതായി തായ് അധികൃതർ അറിയിച്ചു.