Kerala
മൈലപ്ര സഹകരണ ബേങ്ക് തട്ടിപ്പ് കേസ്; ബേങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടിയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു
ബേങ്കില്‍ ഈട് വച്ചിട്ടുള്ള വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞാണ് ജപ്തി നടപടിയെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി.
പത്തനംതിട്ട|പത്തനംതിട്ട മൈലപ്ര സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ നടപടിയെടുത്ത് സഹകരണവകുപ്പ്. ബേങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കള്‍ എന്നിവരുടെ സ്വത്തു വകകള്‍ സഹകരണ വകുപ്പ് ജപ്തി ചെയ്തു. 18 കോടിയുടെ സ്വത്തു വകകളാണ് ജപ്തി ചെയ്തത്.
ബേങ്കില്‍ ഈട് വച്ചിട്ടുള്ള വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞാണ് ജപ്തി നടപടിയെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. ‘ഉടന്‍ ജപ്തി ‘ എന്ന നടപടിയാണ് സംഭവത്തില്‍ സഹകരണ വകുപ്പ് സ്വീകരിച്ചത്.
ബേങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ്, അസിസ്റ്റന്റ് രജിസ്റ്റാര്‍ മൈലപ്ര സഹകരണ ബേങ്കില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബേങ്ക് സെക്രട്ടറി ഷാജി ജോര്‍ജ്ജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. മൈലപ്ര സഹകരണ ബേങ്കിന്റെ പേരില്‍ വാണിജ്യ ബേങ്കില്‍ ഉണ്ടായിരുന്ന രണ്ടു കോടിയോളം രൂപ പിന്‍വലിച്ചതിനും വിനിയോഗിച്ചതിനും രേഖയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.