Connect with us

Kerala

മൈലപ്ര സര്‍വീസ് സഹകരണ ബേങ്ക് ക്രമക്കേട്: അന്വേഷണം ഏറ്റെടുത്ത് ക്രൈം ബ്രാഞ്ച്

89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേട്. മുന്‍ ഭരണസമിതിയംഗങ്ങള്‍ പ്രതികളാകും.

Published

|

Last Updated

പത്തനംതിട്ട | മൈലപ്ര സര്‍വീസ് സഹകരണ ബേങ്കുമായി ബന്ധപ്പെട്ട് 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് പത്തനംതിട്ട പോലീസ് എഫ് ഐ ആറിട്ട കേസ് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.

ബേങ്കുമായി ബന്ധപ്പെട്ട മൈഫുഡ് റോളകര്‍ കമ്പനിയിലേക്ക് ഗോതമ്പ് വാങ്ങിയതിലെ 3.94 കോടി രൂപയുടെ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ കേസും ഏറ്റെടുത്തത്. ബിനാമി വായ്പാ കേസില്‍ നിലവില്‍ ബേങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും പ്രതികളാണ്. ബേങ്ക് ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍കൂടി ഈ കേസില്‍ പ്രതികളാകാനിടയുണ്ട്.

സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് 10 പേര്‍ വീതമുണ്ട്. ഇവരില്‍ ചിലര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരെല്ലാം കേസില്‍ പ്രതികളായേക്കും. നിരവധി ഘട്ടങ്ങിലൂടെയാണ് ഒരു വായ്പ അനുവദിക്കുന്നത്. ഇതിന് അനുവാദം നല്‍കുന്നത് ഭരണ സമിതിയംഗങ്ങളാണ്.

ചട്ടം മറി കടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള്‍ നടപടിയെടുക്കാതിരുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതിനിടെ ബേങ്കില്‍ നിക്ഷേപിച്ച 86 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നുള്ള പരാതിയില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ അറസ്റ്റ് ലോക്കല്‍ പോലീസ് രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് കസറ്റഡിയിലായിരുന്ന ജോഷ്വാ മാത്യുവിനെ തിരികെ ഹാജരാക്കിയതിനു പിന്നാലെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസിന്റെ അപേക്ഷ എത്തുകയായിരുന്നു. അപേക്ഷ പരിഗണിച്ച് ഇദ്ദേഹത്തെ രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പത്തനംതിട്ട ട്രിനിറ്റി സ്ഥാപന ഉടമ രാജേന്ദ്രപ്രസാദ് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

---- facebook comment plugin here -----

Latest